Connect with us

Eranakulam

കുവൈത്ത് വിസ സര്‍വീസ് നടത്താനും ഇടനിലക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 5000 രൂപയോളം അധിക ചെലവ്

Published

|

Last Updated

കൊച്ചി: വൈദ്യപരിശോധനക്ക് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തിയതിന് പിന്നാലെ വിസ സ്റ്റാമ്പിംഗ് അടക്കം സേവനങ്ങള്‍ക്കായും സ്വകാര്യ കമ്പനിയെക്കൂടി കുവൈത്ത് അധികൃതര്‍ ചുമതലപ്പെടുത്തി. ഡല്‍ഹിയിലും മുംബൈയിലുമുള്ള കുവൈത്ത് കോണ്‍സുലേറ്റുകളില്‍ വിസ സ്റ്റാമ്പിംഗിന് ഉദ്യോഗാര്‍ഥികളുടെയും മറ്റും പാസ്‌പോര്‍ട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ മുതലായവ നല്‍കുന്നത് മുംബൈ ആസ്ഥാനമായ മവാരെഡ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബോംബെ മലാഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കമ്പനിക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്.
രാജ്യസുരക്ഷ കണക്കിലെടുത്തും മറ്റു കൃത്രിമങ്ങളും ഒഴിവാക്കാന്‍ ലോകത്തെ എല്ലാ എംബസികളും ഇടനിലക്കാരെ ഒഴിവാക്കിയാണ് വിസ സ്റ്റാമ്പിംഗ് നടത്തുന്നത്. അമേരിക്ക ഉള്‍പ്പെടെ ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും എംബസികള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും വിസ സ്റ്റാമ്പിങ്ങിനായി ഔട്ട് സോഴ്‌സിംഗ് കമ്പനിയെ നിയമിച്ചിരിക്കുന്നത് കുവൈറ്റ് എംബസി മാത്രമാണ്. മുന്‍കാലങ്ങളില്‍ ഉദ്യോഗാര്‍ഥികളും, സര്‍വീസ് ഏജന്‍സികളും എംബസികളില്‍ പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും നേരിട്ട് സമര്‍പ്പിച്ച് കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്തിയിരുന്നപ്പോള്‍ സമയവും പണവും ലാഭിക്കാമായിരുന്നു. മെയ് 11 മുതലാണ് വിസ സ്റ്റാമ്പിംഗ് സ്വകാര്യ ഏജന്‍സി മുഖേനയാക്കി കുവൈത്ത് കോണ്‍സുലേറ്റ് അറിയിപ്പ് ഇറക്കിയത്. ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്ട് 1983 പ്രകാരം, ഉദ്യോഗാര്‍ഥിയുടെ വിസ സ്റ്റാമ്പിംഗ്, വിദേശത്ത് ജോലിയില്‍ പ്രവേശിച്ച പ്രൊബേഷന്‍ സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന അംഗീകൃത ഏജന്‍സിയുടെ ഉത്തരവാദിത്തമാണ്.
വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെ വിസ സര്‍വീസിനായി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഇടനിലക്കാരെ നിയോഗിച്ചതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് അയ്യായിരം രൂപയോളം അധികം ചെലവ് വരുന്നു. ഒരു പാസ്‌പോര്‍ട്ടിന് 4720 രൂപ സര്‍വീസ് ചാര്‍ജ്ജായി മവാരെഡ് കമ്പനിക്ക് ഉദ്യോഗാര്‍ഥി നല്‍കണം. വിസ സ്റ്റാമ്പിംഗിന് കുവൈറ്റ് കോണ്‍സുലേറ്റ് ഫീസായ 5000 രൂപക്ക് പുറമെയാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് മവാരെഡ് കമ്പനിയെ സമീപിക്കാമെങ്കിലും ഭൂരിപക്ഷം പേരും സര്‍വീസ് ഏജന്‍സിയെയാണ് സമീപിക്കുന്നത്.
നേരിട്ട് എംബസിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതുമൂലം സര്‍വീസ് ഏജന്‍സികളും വിസ സര്‍വീസിനുള്ള പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് മവാരെഡ് മുഖേനയാണ്. സര്‍വീസ് ഏജന്‍സികളും സര്‍വീസ് ചാര്‍ജ്ജ് വാങ്ങുന്നതോടെ വിസ സ്റ്റാമ്പിംഗിന് മാത്രം പതിനായിരത്തിലേറെ രൂപയാകും. വിസ സര്‍വീസിന് ഇടനിലക്കാരെ നിയോഗിച്ചത് സര്‍വീസ് ഏജന്‍സികള്‍ക്കും തിരിച്ചടിയാണ്.
പല കമ്പനികളും റിക്രൂട്ട്‌മെന്റിനുശേഷം വിസ സ്റ്റാമ്പിംഗിന് മവാരെഡ് കമ്പനിയെ നേരിട്ട് സമീപിക്കുകയാണ്. ഉന്നത തൊഴില്‍ നേടിയവരും വിസ സര്‍വ്വീസിന് മവാരെഡിനെ നേരിട്ടാണ് സമീപിക്കുന്നത്. ഒരു പാസ്‌പോര്‍ട്ടിന്മേല്‍ 4720 രൂപ വാങ്ങുന്നതിലൂടെ വന്‍കൊള്ളയാണ് മവാരെഡ് നടത്തുന്നത്.
ആയിരത്തില്‍ താഴെ മാത്രം സര്‍വീസ് ഏജന്‍സികള്‍ ഈ ജോലിക്ക് ഇടാക്കിയിരുന്ന സ്ഥാനത്താണ് മവാരെഡ് ഭീമമായ തുക ഈടാക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കാലാവധി തീരുന്ന വിസകള്‍, മറ്റ് എമര്‍ജന്‍സി ആവശ്യത്തിനുള്ള വിസകളും അതിന്റെ ആവശ്യം മനസ്സിലാക്കി സ്റ്റാമ്പ് ചെയ്ത് തന്നിരുന്ന എംബസി ഈ ഏജന്‍സി വന്നതിനു ശേഷം സമയ ബന്ധിതമായി തീര്‍ത്തു നല്‍കുന്നില്ല. പ്രതിദിനം മുംബൈ, ഡല്‍ഹി കോണ്‍സുലേറ്റുകളിലായി 900 ത്തിനടുത്ത് പാസ്‌പോര്‍ട്ടുകള്‍ വിസ സ്റ്റാമ്പിംഗിന് എത്തുന്നുണ്ട്. ഇതനുസരിച്ച് 42.48 ലക്ഷം രൂപയാണ് ഈയിനത്തില്‍ പ്രതിദിന വരുമാനം. കുറഞ്ഞ വേതനത്തില്‍ വിദേശത്ത് തൊഴില്‍തേടി പോകുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന ഈ രീതി സര്‍ക്കാറിന്റെ ഇടപെടലിലൂടെ എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കേരള മാന്‍പവര്‍ എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓവര്‍സീസ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് കെ മക്കാര്‍ പറഞ്ഞു.

Latest