Connect with us

National

ജമ്മുകാശ്മീരിലെ മനുഷ്യാവകാശ ലംഘനം; അന്വേഷണമാവശ്യപ്പെട്ട് ആംനസ്റ്റി റിപ്പോര്‍ട്ട്‌

Published

|

Last Updated

ന്യൂഡല്‍ഹി: സൈനിക പ്രത്യേകാധികാര നിയമമാണ് (അഫ്‌സ്പ) സുരക്ഷാ സേനകളുടെ ക്രൂരതകള്‍ക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടി ജമ്മുകാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷനല്‍ രംഗത്തെത്തി. സൈനികരെ വിചാരണ ചെയ്യാനുള്ള നിബന്ധനകളും ഉപാധികളും പിന്‍വലിക്കണം. രാഷ്ട്രീയ ഇഛാശക്തിയില്ലായ്മയാണ് ജമ്മുകാശ്മീരിലെ പ്രധാന പ്രശ്‌നമെന്നും ആംനസ്റ്റി വ്യക്തമാക്കി.
കുറ്റാരോപിതരായ സൈനികരെ വിചാരണ ചെയ്യുന്നതിനായി കേന്ദ്ര, സംസ്ഥാനതലത്തിലെ അധികാരികളില്‍ നിന്ന് മുന്‍ കൂട്ടി അനുവാദം ലഭിക്കണമെന്ന അഫ്‌സ്പ നിയമത്തിനെ ഏഴാം വകുപ്പ് മനുഷ്യാവകാശ ലംഘനങ്ങളില്‍ ആരോപണ വിധേയരാവുന്ന സൈനികരെ വിചാരണയില്‍ രക്ഷപ്പെടാന്‍ സഹായിക്കുന്നുവെന്നും ശിക്ഷിക്കപ്പെടുകയില്ലെന്നും സംഘടന പറയുന്നു.
ജമ്മുകാശ്മീരിലെ സൈനികരുടെ മനുഷ്യാവകാശ ലംഘനം, ഉത്തരവാദിത്വ നിഷേധവും തോല്‍വിയും എന്ന് പേരിട്ട ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടിലാണ് ആവശ്യങ്ങളുന്നയിച്ചിരിക്കുന്നത്.
സാമ്പത്തികപരാധീനതയിലേക്കും ഭരണഘടനാ പരമായ വിദ്യാഭ്യാസ സാമൂഹിക അവകാശങ്ങളും നിഷേധങ്ങളിലേക്കും നയിച്ച സൈന്യത്തിന്റെയും സംസ്ഥാന പോലീസിന്റെയും മനുഷ്യാവകാശ ലംഘനങ്ങളില്‍ അന്വേഷണം നടക്കാത്തതിന് കാരണം രാഷ്ട്രീയ ഇഛാശക്തിയില്ലായ്മാണ് കാരണമെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ജമ്മുകാശ്മീരില്‍ 1990നു 2013നും ഇടയില്‍ നടന്ന സൈന്യം പ്രതിസ്ഥാനത്തുള്ള 100ലധികം മനുഷ്യാവകാശ ലംഘനങ്ങളുടെ കേസുകളുടെ സര്‍ക്കാര്‍, കോടതി രേഖകളും 58 കേസുകളുടെ വിശദമായ പഠനവും 72 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അന്തര്‍ ദേശീയ നിയമങ്ങള്‍ക്കനുസൃതമായി സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു.
വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ ജനങ്ങളോട് മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ആംനസ്റ്റി ആഹ്വാനം ചെയ്തിരുന്നു.
ദേശസുരക്ഷയുടെ പേരുപറഞ്ഞ് സൈനികര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മുഖവിലക്കെടുക്കാതിരുന്നാല്‍ അന്തര്‍ ദേശീയ നിയമങ്ങള്‍ മാത്രമല്ല സ്വന്തം ഭരണഘടന നടപ്പാക്കുന്നതിലും പരാജയപ്പെടുമെന്ന് ആംനസ്റ്റി ഗ്ലോബല്‍ ഓപറേഷന്‍ ഡയറക്ടര്‍ മിനര്‍ പിംപ്ള്‍ പറഞ്ഞു.
അഫ്‌സ്പ സൈനികരെ വിചാരണയില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഒരു കവചമാകരുതെന്നും ആരും നിയമത്തിനതീതരല്ലെന്ന് തെളിയിക്കാന്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സൈനികര്‍ ശിക്ഷിക്കപ്പെട്ടത് പുരോഗനാത്മക നീക്കമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

Latest