ആദ്യത്തെ സമ്പൂര്‍ണ മലയാളം നിഘണ്ടു വരുന്നു

Posted on: July 3, 2015 4:56 am | Last updated: July 2, 2015 at 11:58 pm

images (2)കോഴിക്കോട്: കേരളത്തില്‍ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ ഡിക്ഷണറി തയ്യാറാക്കുന്ന പണിപ്പുരയിലാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല. ‘സമഗ്ര മലയാള നിഘണ്ടു’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഡിജിറ്റല്‍ ഡിക്ഷണറി പദ്ധതിക്ക് കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് തുടക്കം കുറിച്ചത്. വരുന്ന നവംബറോടെ സ്വരാക്ഷരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള പദ്ധതിയിലാണ് മലയാളം സര്‍വകലാശാല. ആദിവാസി ഭാഷകളില്‍ നിന്നും അറബി മലയാള ഭാഷകളില്‍ നിന്നുമുള്ള വാക്കുകളും സാധരണക്കാര്‍ സംസാരിക്കുന്ന ഭാഷയും ഉള്‍പ്പെടുന്ന വിപുലമായ ഡിജിറ്റല്‍ ഡിക്ഷണറിയാണിത്.
ഒരു വാക്കിന്റ അര്‍ഥത്തിന് പുറമെ വാക്കിന്റെ ചരിത്രം, സംസ്‌കാരം, തത്തുല്യമായ പദങ്ങള്‍, ഉച്ചാരണം, ഭാഷാ ഭേദങ്ങള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം അടങ്ങിയതാണ് ഡിജിറ്റല്‍ ഡിക്ഷണറി. അഞ്ച് ലക്ഷത്തിലധികം മലയാള വാക്കുകളാണ് ഡിജിറ്റല്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുന്നത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പഠനം നടത്തിയാണ് വാക്കുകളുടെ ശേഖരണം. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ അമ്പതിലധികം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠനം നടത്തി വാക്കുകള്‍ ശേഖരിച്ചുവരികയാണ്. എല്ലാ വിഭാഗം ജനങ്ങളെയും കേന്ദ്രീകരിച്ചാണ് വാക്കുകള്‍ ശേഖരിക്കുന്നത്. മുസ്‌ലിംകളില്‍ നിന്നും ആദിവാസികളില്‍ നിന്നും എല്ലാ ജാതി വിഭാഗങ്ങളില്‍ നിന്നും വാക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയെ കേന്ദ്രീകരിച്ചാണ് അടുത്തതായി പഠനം നടക്കുക. ഈ മാതൃകയില്‍ എല്ലാ ജില്ലകളിലും പഠനം നടത്തി പ്രാദേശിക വാക്കുകള്‍ ശേഖരിക്കും.
കേരളത്തില്‍ വിസ്മൃതിയിലായ വാക്കുകള്‍ വ്യക്തികള്‍ക്ക് ശേഖരിച്ച് മലയാളം സര്‍വകലാശാലയിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്. ഇതിന് കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അച്ചടി ഭാഷ മുതല്‍ പ്രാദേശിക ഭാഷാ വകഭേദങ്ങളെല്ലാം ഡിക്ഷണറിക്കകത്തുണ്ട്. അറബി മലയാള സാഹിത്യത്തിലെ വാക്കുകള്‍ മുതല്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലെത്തിയ പുത്തന്‍ വാക്കുകളുടെയും ബൃഹത്തായ ശേഖരമാണ് ഡിജിറ്റല്‍ ഡിക്ഷണറിയിലുണ്ടാകുക. മലയാള സര്‍വകലാശാലയിലെ ഭാഷാ ശാസ്ത്ര വിഭാഗത്തിലെ അധ്യാപകന്‍ ഡോ. എം ശ്രീനാഥന്‍, ഡോ. പ്രേംനാഥ് എന്നിവരുടെ നേതൃത്തിലാണ് ഡിക്ഷനറി തയ്യാറാകുന്നത്. സി- ഡാക്, ഐ ഐ ഐ കെ ( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കേരള), എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിങ്ക സഹായവും ഡിജിറ്റല്‍ ഡിക്ഷനറിക്കുണ്ട്.
ഡിജിറ്റല്‍ ഡിക്ഷണറി ഇറക്കിയതിന് ശേഷം പ്രിന്റ് രൂപത്തിലും നിഘണ്ടു ഇറക്കാനുള്ള പദ്ധതിയുണ്ട്.
ലോകത്ത് എവിടെയുള്ളവര്‍ക്കും മലയാളം പഠിക്കാനും, അര്‍ഥം മനസ്സിലാക്കാനും ഡിജിറ്റല്‍ നിഘണ്ടു പര്യാപ്തമാകും. വിവര വിസ്‌ഫോടനത്തിന്റെ ആധുനിക കാലത്ത് വെബ് ഡിക്ഷനറി അനിവാര്യമാണെന്നും ആധുനിക കാലത്ത് മലയാള ഭാഷയെ സജ്ജമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ സിറാജിനോട് പറഞ്ഞു.