സമരക്കാര്‍ക്കിടയിലേക്ക് പഞ്ചായത്ത് പ്രസിഡന്റും മുന്‍ വൈസ് പ്രസിഡന്റും പാഞ്ഞുകയറിയത് സംഘര്‍ഷത്തിനിടയാക്കി

Posted on: July 2, 2015 11:13 am | Last updated: July 2, 2015 at 11:13 am

മാനന്തവാടി: ഉപരോധസമരം നടക്കുന്നതനിടയില്‍ സമരക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ പഞ്ചായത്ത് പ്രസിഡന്റിന്റെയും മുന്‍ വൈസ് പ്രസിഡന്റിന്റെയും നടപടി സംഘര്‍ഷമുണ്ടാക്കി. മാനന്തവാടി പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നതിനിടയിലാണ് പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസും മുന്‍ വൈസ് പ്രസിഡന്റ് പി വി ജോര്‍ജും സമരക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. സമരക്കാരെ പിടിച്ചു തള്ളിയിട്ട ശേഷമാണ് അവര്‍ ഓഫീസീല്‍ നിന്നും പുറത്തേക്ക്്കടക്കാന്‍ ശ്രമിച്ചത്.
ഇതോടെ സമര രംഗത്തുള്ളവര്‍ പ്രസിഡന്റിനെ തടഞ്ഞു. പോലീസ് ഇടപെട്ടാണ് ഇവരെ സമരക്കാരുടെ ഇടയില്‍ നിന്നും പറത്തേക്ക് കൊണ്ടു പോയത്. സമരം നടത്തുന്നവര്‍ക്കെതിരെ അതിക്രമം കാണിച്ച പ്രസിഡന്റിനെ സംരക്ഷിക്കാനെന്ന പേരിലെത്തിയ ഐ എന്‍ ടി യുസി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരക്കാരെ കായികമായി നേരിടാന്‍ ശ്രമിച്ചത് കൂടുതല്‍ സംഘര്‍ഷാവസ്ഥക്ക് കാരണമായി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. സമരം പൊളിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ശ്രമിച്ചതോടെ അറസ്റ്റു ചെയ്ത് നീക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ചു.
ഇതേ തുടര്‍ന്ന് സമരക്കാരെ പോലീസ് അറസ്റ്റു ചെയത് നീക്കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
മാനന്തവാടി പഞ്ചായത്തിലെ പട്ടണത്തോട് ചേര്‍ന്നു കിടക്കുന്ന റോഡുകളും ഗ്രാമീണ റോഡുകളും തകര്‍ന്നു കിടക്കുയാണ്. പല റോഡുകളും കാല്‍നട യാത്രക്ക് പോലും കഴിയാത്ത അവസ്ഥയിലാണ്. പലതവണ ആവശ്യപ്പെട്ടിട്ടും റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ പഞ്ചായത്ത് തയ്യാറായില്ല.
ഇതേ തുടര്‍ന്നാണ് തൊഴിലാളികള്‍ പഞ്ചായത്തിലേക്ക് സമരം നടത്തിയത്. സമരം സിപിഐ എം ഏരിയാ സെക്രട്ടറി കെ എം വര്‍ക്കി ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചു.