ചങ്ങരംകുളത്ത് പത്തൊന്‍പതര ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ട

Posted on: July 2, 2015 9:49 am | Last updated: July 2, 2015 at 9:49 am

edappal pathi sulaiman copy
എടപ്പാള്‍: ചങ്ങരംകുളത്ത് പത്തൊന്‍പതര ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. നന്നംമുക്ക് കാഞ്ഞിയൂര്‍ സ്വദേശി നുറുക്കിലയില്‍ സുലൈമാന്‍ (56)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം എസ് ഐ ശശിധരന്‍ മേലയിലും പെരുമ്പടപ്പ് സ്‌റ്റേഷനിലെ പ്രബേഷന്‍ എസ് ഐ. വി പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കുന്ദംകുളം സ്‌റ്റേഷന്‍ പരിധിയില്‍ വന്‍ തുക ബേങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ മൂന്ന് പേരില്‍ നിന്നും കള്ളനോട്ട് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സുലൈമാന്‍ ജാമ്യത്തിലായിരുന്നു. കുഴല്‍പണം വിതരണം ചെയ്യുന്നതിനിടയില്‍ നല്ല നോട്ടുകള്‍ക്കിടയില്‍ കള്ളനോട്ടുകള്‍ തിരുകി ഇയാള്‍ വിതരണം ചെയ്യാറുണ്ടെന്നും പോലീസ് അറിയിച്ചു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും.