അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം; രാത്രികാല നിരോധനം ശനിയാഴ്ച വരെ

Posted on: July 2, 2015 9:27 am | Last updated: July 2, 2015 at 9:27 am

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡ് ലോക്ക് ടൈല്‍സ് ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രവൃത്തി തകൃതിയായി നടക്കുന്നു. ദേശീയപാതയിലെ രാത്രികാല നിര്‍മാണത്തിന് വേണ്ടി കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് രാത്രി പത്ത് മണിതൊട്ട് പുലര്‍ച്ചെ ആറ് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുള്ളത്. ഈ മാസം നാല് വരെ ഗതാഗത നിരോധനം തുടരും. അങ്ങാടിപ്പുറം അല്‍പാകുളത്തിന് സമീപമുള്ള വന്‍ കുഴികള്‍ ഏകദേശം ലോക്ക്‌ടൈല്‍ വിരിച്ച് കഴിഞ്ഞു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമി റോഡിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ഭിത്തി കെട്ടി ഉയര്‍ത്തുന്ന പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. വര്‍ഷകാലത്ത് വെള്ളം ദേശീയപാതയിലൂടെ കര കവിഞ്ഞൊഴുകുന്നത് തടയാന്‍ ജെ സി ബി ഉപയോഗിച്ച് ചാലുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികളും കൂട്ടത്തില്‍ നടക്കുന്നുണ്ട്. റോഡ് വീതി കൂട്ടുന്നതിന് തടസമായി നിന്നിരുന്ന പോളിടെക്‌നിക് കോളജിന് സമീപമുള്ള ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും പൊളിച്ചുമാറ്റി കഴിഞ്ഞു. അതുപോലെ റെയില്‍വേ സ്റ്റേഷന്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടവും പൂര്‍ണമായി പൊളിച്ചുനീക്കി. കാലാവസ്ഥ അനുകൂലമായതോടെ പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. 200ലേറെ സ്‌ക്വയര്‍മീറ്റര്‍ പ്രദേശത്ത് കട്ട വിരിക്കേണ്ടി വരുമെന്ന് നേരത്തെ റോഡ് വിഭാഗം എന്‍ജിനീയര്‍ സൂചിപ്പിച്ചിരുന്നു. ഏതായാലും അടുത്ത ശനിയാഴ്ചക്കുള്ളില്‍ റോഡിലെ വന്‍കുഴികള്‍ അടച്ച് രാത്രികാല നിരോധനം നീക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബന്ധപ്പെട്ടവര്‍. രാത്രികാല നിരോധനം കാരണം ഏറെ ബുദ്ധിമുട്ടികൊണ്ടിരിക്കുന്നത് ചരക്കുമായെത്തുന്ന ലോറികളാണ്.