സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നൂറിന്റെ നിറവില്‍; ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

Posted on: July 2, 2015 9:09 am | Last updated: July 2, 2015 at 9:09 am

company-name
കോഴിക്കോട്: ശതാബ്ദി ആഘോഷിക്കുന്ന സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട്ടെ പശ്ചിമഘട്ട മേഖലാ കേന്ദ്രത്തില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. ശാസ്ത്രം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യവുമായി നടത്തുന്ന പരിപാടികളുടെ ഭാഗമായി നടന്ന സെന്റിനറി റണ്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് രാവിലെ ഫഌഗ് ഓഫ് ചെയ്തു.
ജൈവ വൈവിധ്യങ്ങളാല്‍ ധന്യമായ നമ്മുടെ രാജ്യത്ത് ദിനേനയെന്നോണം പുതിയ ജീവിവര്‍ഗങ്ങളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനിലും ചൊവ്വയിലുമൊക്കെ ഗവേഷണം നടത്തുന്ന മനുഷ്യര്‍ ഭൂമിയെക്കുറിച്ച് തന്നെ ഇനിയും അറിഞ്ഞു തീര്‍ന്നിട്ടില്ലെന്ന ചിന്ത നാമോരോരുത്തരെയും കൂടുതല്‍ വിനയാന്വിതരാക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ പൊതുവെ വിരസമായിരിക്കുമെങ്കിലും രാജ്യത്തിന്റെ ധന്യമായ ജൈവ വൈവിധ്യങ്ങളെ ജനങ്ങളിലേക്കെത്തിക്കാനും അവക്കുകൂടി ജീവിക്കാന്‍ അര്‍ഹതയുണ്ടെന്ന ബോധം വളര്‍ത്തിയെടുക്കാനും നൂതന രീതികള്‍ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചക്കുശേഷം നടന്ന ചടങ്ങ് മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു. ഇത്തരം ശാസ്ത്ര കേന്ദ്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തിയെടുക്കണമെന്ന് മേയര്‍ പറഞ്ഞു.കൗണ്‍സിലര്‍ ഒ എം ഭരദ്വാജ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍ ഐ എഫ് എസ്, പ്ലാനറ്റോറിയം ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍, സെന്റര്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍-ഇന്‍-ചാര്‍ജ് ഡോ പി കെ അശോകന്‍, ശാസ്ത്രജ്ഞന്മാരായ ഡോ കെ രാജമോഹനന്‍, ഡോ പി എം സുരേഷന്‍ സംസാരിച്ചു.