പാഠപുസ്തക വിതരണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

Posted on: July 2, 2015 5:38 am | Last updated: July 1, 2015 at 11:40 pm
SHARE

കൊച്ചി: സംസ്ഥാനത്ത് സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. പാഠപുസ്തക അച്ചടി വൈകുന്നത് ഗൗരവതരമാണ്. മിക്ക സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ ലഭ്യമായിട്ടില്ല. പാഠപുസ്തകം വൈകുന്നത് ഒരു നിലക്കും നീതീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് സംബന്ധമായ സ്വകാര്യ അന്യായത്തില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഓണപ്പരീക്ഷക്ക് മുമ്പ് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശി ശിവകുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹരജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേസ് ബുധനാഴ്ച പരിഗണിക്കവേ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടുകയായിരുന്നു.
കേസില്‍ സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് കോടതി അടുത്താഴ്ചത്തേക്ക് മാറ്റി.