ഉപേക്ഷിക്കപ്പെട്ട കാര്‍ അല്‍ റീഫിലെ താമസക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു

Posted on: July 1, 2015 8:15 pm | Last updated: July 1, 2015 at 8:15 pm

jeepഅബുദാബി: ഉടമകളാല്‍ ഉപേക്ഷിക്കപ്പെട്ട കാറുകള്‍ അല്‍ റീഫിലെ താമസക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. പൊടിപിടിച്ച് കിടക്കുന്ന കാറുകളില്‍ നിന്നു തങ്ങളുടെ വാഹനങ്ങളിലേക്ക് പൊടിപടലങ്ങള്‍ പറക്കുന്നതാണ് മുഖ്യ പ്രശ്‌നമെന്ന് താമസക്കാര്‍. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇതുമൂലം മതിയായ സൗകര്യം ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഒരു ഡസനോളം കാറുകളാണ് ഇവിടെ ഉടമകള്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് വര്‍ഷങ്ങളായി ഇതേ നിലയില്‍ കിടക്കുകയാണെന്നും താമസക്കാര്‍ പറയുന്നു. മനാസല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് അല്‍ റീഫ് റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റിയുടെ നിയന്ത്രണം കൈയാളുന്നത്. അറേബ്യന്‍, ഡസേര്‍ട്ട്, മെഡിറ്ററേനിയന്‍, കണ്ടെംപറ്റി തുടങ്ങിയ പേരുകളില്‍ വില്ലേജുകളായാണ് ഇവിടുത്തെ വില്ലകള്‍ വിഭജിച്ചിരിക്കുന്നത്.
അറേബ്യന്‍ വില്ലേജില്‍ സില്‍വര്‍ നിറത്തിലുള്ള ഓഡി കാറാണ് ഉപേക്ഷിക്കപ്പെട്ടവയില്‍ ഒന്ന്. ഇവിടെയുള്ള സ്ട്രീറ്റ് നമ്പര്‍ 11ലാണ് ഈ കാര്‍ പൊടിപിടിച്ച് കിടക്കുന്നത്. നമ്പര്‍ പ്ലേറ്റില്ലാത്ത കിയ ഒപ്റ്റിമ മോഡലില്‍ ഉള്‍പെട്ട കറുപ്പ് കാറും ഇതേ സ്ട്രീറ്റീലുണ്ട്. അബുദാബി നമ്പര്‍ പ്ലേറ്റുള്ള ഹ്യൂണ്ടായി കൂപ്പെയും ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നു. ഉപേക്ഷിക്കപ്പെട്ട കാറുകളിലേക്ക് ശ്രദ്ധപതിയാന്‍ താമസക്കാരില്‍ ചിലര്‍ ഇവയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക് ഉള്‍പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. മെഡിറ്ററേനിയന്‍ വില്ലേജിന് സമീപം ഡോഡ്ജ് ചാര്‍ജര്‍ കാറാണ് ഉപേക്ഷിച്ച നിലയിലുള്ളത്. കണ്ടെംപററി വില്ലേജിലെ ഓഡിയും ഡസേര്‍ട്ട് വില്ലേജിലെ ഇന്‍ഫിനിറ്റിയുമെല്ലാം ഇവയില്‍ ഉള്‍പെടും.