അരുവിക്കര ഉപതെരഞ്ഞെടുപ്പ്; ബി ജെ പി വന്‍തോതില്‍ പണം ഒഴുക്കി: കെ പി രാജേന്ദ്രന്‍

Posted on: July 1, 2015 1:20 pm | Last updated: July 1, 2015 at 1:20 pm

Aruvikkara-By-Election-Date
തൃശൂര്‍: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തോതില്‍ പണം ഒഴുക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സിപിഐ സംസ്ഥാന എക്‌സി അംഗം കെ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയം
ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജേന്ദ്രന്‍.
ജാതീയവും വര്‍ഗീയവുമായ ധ്രുവീകരണത്തിനാണ് അവര്‍ ശ്രമിക്കുന്നത്. ഇതുവരെ അറിയപ്പെടാതെ കിടന്നിരുന്ന പല കൊച്ചുകൊച്ചു ജാതികളെയും തട്ടിയുണര്‍ത്തി തങ്ങളുടെ ആളുകളാക്കി മാറ്റുകയാണ് തൊഗാഡിയയുടെ നേതൃത്വത്തില്‍ ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. ഇത്തരം ജാതികളെ കൂടെക്കൂട്ടുന്നതില്‍ അവര്‍ വിജയിച്ചു. നരേന്ദ്ര മോഡിയുടെ ‘മന്‍ കി ബാത്ത്’ പരിപാടി പൊതുജനങ്ങളെ പറഞ്ഞുപറ്റിക്കലാണ്‌കെ.പി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വളരെ സമര്‍ത്ഥമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കബളിപ്പിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് ഉമ്മന്‍ചാണ്ടി, സംസ്ഥാനത്തെ എല്ലാ വി’ാഗം ജനങ്ങള്‍ക്കും ആയിരം രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും എന്നൊരു പ്രഖ്യാപനം നടത്തി. പാവപ്പെട്ട ജനങ്ങള്‍ ആ പ്രഖ്യാപനം വിശ്വസിച്ചു. അത് കേവലം തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടായിരുന്നുവെന്ന് പിന്നീടാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പെന്‍ഷനുമില്ല, പ്രഖ്യാപനവുമില്ലെന്ന മട്ടിലായി കാര്യങ്ങള്‍.
ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷ ഇടതുപക്ഷത്തിലാണ്. ആ പ്രതീക്ഷക്കൊത്ത് ഉയരാന്‍ നമുക്ക് കഴിയണം. ആത്മപരിശോധന നടത്തി പോരായ്മകള്‍ പരിഹരിച്ച് ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും കെ.പി രാജേന്ദ്രന്‍ തുടര്‍ന്നു പറഞ്ഞു.
സിപിഐ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംരണസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സമീപിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയും സമയബന്ധിതമായും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ കൗണ്‍സില്‍ അസി.സെക്രട്ടറിമാരായ അഡ്വ.ടി.ആര്‍ രമേഷ്‌കുമാര്‍ സ്വാഗതവും പി.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. സിപിഐ വികസന സബ്ബ് കമ്മിറ്റി കണ്‍വീനര്‍ കെ.ശ്രീകുമാര്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറി എ.കെ ചന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ എക്‌സി.അംഗങ്ങള്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.