Connect with us

Palakkad

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കന്നുകാലികളുടെ വിളയാട്ടം

Published

|

Last Updated

പാലക്കാട്: ഒലവക്കോട് റെയില്‍വേസ്‌റ്റേഷനില്‍ കൂട്ടംകൂട്ടമായി അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.കന്നുകാലികള്‍ റോഡില്‍ അലഞ്ഞുതിരിയുകയും പലപ്പോഴും വാഹനാപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ റോഡില്‍ അലഞ്ഞു തിരിയുന്നതിനേക്കാള്‍ കൂടുതല്‍ കന്നുകാലികള്‍ ഒലവക്കോട് റെയില്‍വേസ്‌റ്റേഷനിലുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. ഒന്നും രണ്ടുമല്ല രാവിലെ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാരെയും കാത്ത് ഒരുകൂട്ടം കന്നുകാലികളുണ്ടാകും. ഒന്നാം പ്ലാറ്റ്‌ഫോമിലെ മേല്പാലത്തിനടുത്താണ് കൂടുതലായും കന്നുകാലികള്‍ ഉണ്ടാകാറുള്ളത്. മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഇവയുടെ ശല്യം കുറവല്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഒലവക്കോട് റെയില്‍വേസ്‌റ്റേഷന്‍ മുഴുവന്‍ കന്നുകാലികള്‍ ചാണകമിട്ട് വൃത്തിഹീനമാക്കുകയും ചെയ്യുന്നു. വൃത്തിഹീനവും ദുര്‍ഗന്ധവുമുള്ള പ്ലാറ്റ്‌ഫോമുകള്‍ യാത്രക്കാര്‍ക്ക് ദുരിതമായി തീര്‍ന്നിരിക്കയാണ്. മഴക്കാലമായാല്‍ സ്ഥിതി ഇതിലും മോശമാവും.
പലപ്പോഴും തിരക്കിട്ട് വരുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് കൊമ്പുകോര്‍ത്ത് നില്‍ക്കുന്ന കന്നുകാലികളാവും. വലിയ ബാഗുകളുമായി വരുന്ന യാത്രക്കാര്‍ക്ക് തടസ്സമായി ഇവ വഴി മാറാതെ നില്‍ക്കുകയും ചെയ്യും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് വഴിമാറാതെ കൂട്ടമായി നില്‍ക്കുന്ന കന്നുകാലികള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ആരോട് പരാതിപ്പെടുമെന്നറിയാത്ത അവസ്ഥയിലാണ് യാത്രക്കാര്‍. റെയില്‍വേ അധികൃതര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

Latest