ചുമട്ടുതൊഴിലാളികളെ വെട്ടിയ സംഭവം: എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: July 1, 2015 11:55 am | Last updated: July 1, 2015 at 11:55 am

sdpiപാലക്കാട്: നെന്മാറയില്‍ ചുമട്ടുതൊഴിലാളികളെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചടനാംകുറുശ്ശി സ്വദേശി ബാര്‍ബര്‍ ഇസ്ഹാഖ് എന്ന ഇസ്ഹാഖ്(31), അടിപരണ്ട ഹുസൈന്‍(29) എന്നിവരെയാണ് നെന്മാറ എസ് ഐ പി സി ചാക്കോയും സംഘവും അറസ്റ്റുചെയ്തത്. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രി പ്രതികള്‍ പാലക്കാട് കെ എസ്ആര്‍ ടി സി ബസ് സ്റ്റാന്റിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവര്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.
ചോദ്യംചെയ്യലില്‍ അക്രമത്തിനുപയോഗിച്ച രണ്ടു വെട്ടുകത്തികളും ഒരു ഇരുമ്പ് ദണ്ഡും കണ്ണനൂര്‍ ഭാഗത്ത് ഉപേക്ഷിച്ചതായി പ്രതികള്‍ സമ്മതിച്ചു. തുടര്‍ന്ന് നെന്മാറ സിഐ പി വി രമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുമായി കണ്ണനൂര്‍-തിരുനെല്ലായി റോഡലിലെ തോടിനുത്തു നിന്ന് ആയുധം കണ്ടെത്തുകയായിരുന്നു. ജൂണ്‍ 10 നാണ് രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത പുതിയ സൈലോ കാറിലെത്തിയ സംഘം വാഹനം നിര്‍ത്തി റോഡിനിരുവശത്തുമായി നില്‍ക്കുകയായിരുന്നവരെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തിയത്. കയറാടി വീഴ്‌ലി ബാബു, അടിപ്പരണ്ട കരളിക്കോട് വീട്ടില്‍ ബേബി, തെങ്ങുംപാടം അലി, കയറാടി കളത്തില്‍ വീട്ടില്‍ സുദേവന്‍, അടിപ്പരണ്ട തെങ്ങുംപാടം ഗോപി എന്നിവര്‍ക്കാണ് വെട്ടേറ്റത്.
പ്രതികള്‍ ഉപയോഗിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചിട്ടില്ലാത്ത സൈലോ കാര്‍ പുതുനഗരം അബ്ബാസ് എന്നയാളുടെ കയ്യില്‍ നിന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മൂന്നുപേര്‍ റിമാന്റിലാണ്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.
നെന്മാറ സിഐ പി വി രമേഷ്, എസ് ഐ പി സി ചാക്കോ, ക്രൈംസ്‌ക്വാഡ് അംഗം കൃഷ്ണദാസ്, ജൂനിയര്‍ എസ് ഐ സുരേഷ്, എഎസ്‌ഐ മണികണ്ഠന്‍, സപിഒ കണ്ണദാസ്, പ്രസന്നന്‍ എന്നിവരാണ് അറസ്റ്റുചെയ്തത്.