ഷിബിന്‍ വധക്കേസ്; പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന്

Posted on: July 1, 2015 11:03 am | Last updated: July 1, 2015 at 11:03 am

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ ഷിബിന്‍ കൊലപാതകത്തിന്റെ മറവില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍. ജനുവരി 22ന് നടന്ന സംഭവത്തില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ പ്രദേശത്ത് ഉണ്ടായത്. ഇതിന് നേതൃത്വം കൊടുത്തവര്‍ ഇപ്പോഴും സ്വസ്ഥമായി കഴിയുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള സമീപനം സംശയങ്ങള്‍ക്ക് ഇടവെക്കുന്നു. സ്വര്‍ണമടക്കം വിലപിടിപ്പുള്ള തൊണ്ടി മുതലുകള്‍ കണ്ടെത്താന്‍ പോലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. ശക്തമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.