പേരാമ്പ്ര സബ് സ്റ്റേഷന്‍ ഇനിയും യാഥാര്‍ഥ്യമായില്ല

Posted on: July 1, 2015 10:37 am | Last updated: July 1, 2015 at 10:37 am

പേരാമ്പ്ര: പയ്യോളി പേരാമ്പ്ര റോഡില്‍ സബ് ട്രഷറിക്ക് സമീപം ആരംഭിക്കുന്ന 33 കെ വി സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ലൈന്‍ വലിക്കല്‍ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യമുയരുന്നു.
മേപ്പയ്യൂര്‍ 110 കെ വി സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച പ്രവൃത്തി ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. സബ്‌കോണ്‍ട്രാക്ടര്‍മാര്‍ മൂന്നും, നാലും ജോലിക്കാരെ വെച്ച് പ്രവൃത്തി നടത്തുന്നതാണ് കാലതാമസത്തിന് കാരണമായി പറയപ്പെടുന്നത്. ഈ പ്രവൃത്തിയുടെ ഭാഗമായി മേപ്പയ്യൂര്‍, കല്‍പത്തൂര്‍, മമ്മിളിക്കുളം, വാല്യക്കോട്, ആക്കൂപ്പറമ്പ് ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പകല്‍ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണ്. റമസാനായതോടെ വൈദ്യുതി തടസ്സം നിരവധി കുടുംബങ്ങളെ പ്രയാസപ്പെടുത്തുന്നുണ്ട്. വൈകീട്ട് ആറിന് ശേഷമാണ് ഇത്തരം ഘട്ടങ്ങളില്‍ ലൈന്‍ ഓണ്‍ ചെയ്യുന്നത്. ലൈന്‍ വലി നടക്കുന്നുണ്ടെങ്കിലും സബ് സ്റ്റേഷന്റെ പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല.
സ്ഥലമെടുപ്പ് കഴിഞ്ഞ് ചുറ്റുമതില്‍ കെട്ടിയ ബോര്‍ഡ് സ്ഥാപിച്ച നിലയില്‍ത്തന്നെയാണുള്ളത്. പല ഭാഗത്തും കാടുകയറിയ അവസ്ഥയിലുമാണ് നിര്‍ദ്ദിഷ്ട സബ് സ്‌റ്റേഷന്‍. പേരാമ്പ്ര മേഖലയിലെ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് കരുതിയ 33 കെ വി സബ് സ്റ്റേഷന്‍ എപ്പോള്‍ പ്രാവര്‍ത്തികമാകുമെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാതെ അധികൃതരും കൈമലര്‍ത്തുകയാണ്.