വസുന്ധരയുടെ കൊട്ടാരം ഇടപാടില്‍ തെളിവുകളുമായി കോണ്‍ഗ്രസ്

Posted on: July 1, 2015 9:48 am | Last updated: July 1, 2015 at 9:48 am

RAMESH_jpg_2456918fന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യക്കെതിരെ പുതിയ തെളിവുകളുമായി കോണ്‍ഗ്രസ് രംഗത്ത്. വസുന്ധരയുടെ മകന്‍ ധോല്‍പൂര്‍ കൊട്ടാരം കൈയേറിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പുറത്തുവിട്ടത്. ധോല്‍പൂര്‍ കൊട്ടാരം സംസ്ഥാന സര്‍ക്കാറിന്റെ അധീനതയിലാണെന്ന് തെളിയിക്കുന്ന 1949ലെ രേഖ അദ്ദേഹം പുറത്തുവിട്ടു. സംസ്ഥാന സ്വത്തായ കൊട്ടാരം പക്ഷേ, അന്നത്തെ അവകാശി മഹാരാജ ഉദയ്ഭാന്‍ സിംഗ് അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഉപയോഗിച്ചിരുന്നു.
എന്നാല്‍, ഈ കൊട്ടാരം സ്വകാര്യ സ്വത്തല്ലെന്നും സര്‍ക്കാറിന്റെതാണെന്നും വസുന്ധരയുടെ ഭര്‍ത്താവും ദുഷ്യന്ത് സിംഗിന്റെ പിതാവുമായ ഹേമന്ത് സിംഗ് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. കൊട്ടാരം മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിംഗും ഐ പി എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിയുമായി ചേര്‍ന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. കൊട്ടാരം സംസ്ഥാന സര്‍ക്കാറിന്റെത് തന്നെയെന്ന് വ്യക്തമാക്കുന്ന, ദുഷ്യന്ത് സിംഗും പിതാവ് ഹേമന്ത് സിംഗും തമ്മിലുള്ള ഉടമ്പടി രേഖയും ജയറാം രമേശ് പുറത്തുവിട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കും വരെ ഇത്തരത്തിലുള്ള രേഖകള്‍ ഇനിയും പുറത്തുവിട്ടുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കൊട്ടാരം വസുന്ധരയുടെ കുടുംബത്തിന്റെത് തന്നെയെന്ന് അവകാശപ്പെടുന്ന രേഖകള്‍ ബി ജെ പിയും പുറത്തുവിട്ടിരുന്നു. കൊട്ടാരത്തിന് സമീപത്ത് കൂടിയുള്ള ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുത്തപ്പോള്‍ ദുഷ്യന്ത് സിംഗിന് നഷ്ടപരിഹാരം ലഭിച്ചിരുന്നു എന്നാണ് ബി ജെ പി ചൂണ്ടിക്കാട്ടിയത്. കൊട്ടാര ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്ളതിനാലാണ് നഷ്ടപരിഹാരം ലഭിച്ചത് എന്നാണ് ബി ജെ പിയുടെ വാദം.
എന്നാല്‍, ദുഷ്യന്ത് സിംഗിന് നഷ്ടപരിഹാരം നല്‍കിയതുമായി ബന്ധപ്പെട്ട് കേസില്‍ സി ബി ഐ അന്വേഷണം നടന്നുവരികയാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. 2013 ഏപ്രില്‍ 10ന് ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് സി ബി ഐക്ക് ലഭിച്ചത്. കേന്ദ്ര സര്‍ക്കാറിന് കീഴിലാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് ഇതു സംബന്ധിച്ച വസ്തുതകള്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
ധോല്‍പൂര്‍ കൊട്ടാരം ഇന്ന് സ്വകാര്യ സപ്തനക്ഷത്ര ഹോട്ടലാണ്. നിയന്ത് പ്രൈവറ്റ് ലിമിറ്റഡാണ് ധോല്‍പൂര്‍ ഹോട്ടലിന്റെ ഉടമ. വസുന്ധര രാജെ, ദുഷ്യന്ത് സിംഗ്, മരുമകള്‍ നിഹാരിക സിംഗ്, ലളിത് മോദി എന്നിവരുടെ സംയുക്ത സംരംഭമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 100 കോടി രൂപയുടെ നിക്ഷേപമാണ് ഇതില്‍ നടത്തിയിട്ടുള്ളത്. ഇപ്പോള്‍ ധോല്‍പൂര്‍ കൊട്ടാരത്തിന്റെ നടത്തിപ്പ് നിയന്ത് ഹെറിറ്റേജ് െ്രെപവറ്റ് ലിമിറ്റഡിനാണ്.