നരേന്ദ്രമോദിയെ ആദേശം ചെയ്ത മോദി

Posted on: June 29, 2015 4:52 pm | Last updated: June 29, 2015 at 4:52 pm

lalit-modi-sushma-swaraj

ഒന്നൊന്നൊരക്കൊല്ലത്തിനിടെ രാജ്യത്ത് നിറഞ്ഞുനിന്നത് ഒരു മോദിയായിരുന്നു. ആരോപണങ്ങളും ആക്ഷേപങ്ങളുമൊക്കെ പ്രചാരണോപാധിയാക്കി പ്രധാനമന്ത്രികസേരയിലേക്ക് എത്തിയ നരേന്ദ്ര മോദി. അതിനെ ആദേശം ചെയ്യും വിധത്തിലാണ് ക്രിക്കറ്റ് വ്യവസായത്തിലെ അതികായനായിരുന്ന ലളിത് മോദിയുടെ തിരിച്ചുവരവ്. അതിന്റെ ആഘാതം നരേന്ദ്ര മോദി സര്‍ക്കാറിനെയും ബി ജെപിയെയും അടിമുടി ഇളക്കിയിരിക്കുന്നു. സാമ്പത്തിക കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുകയും ആ കേസില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ക്കൂടി പിടികിട്ടാപ്പുള്ളിയായി തുടരുകയും ചെയ്യുന്ന (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇളംനീല നോട്ടീസ് ലളിതിന്റെ പേരിലുണ്ടെന്നതിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സാക്ഷ്യമുണ്ട്) ലളിത് മോദിക്ക് യാത്രാ രേഖകള്‍ അനുവദിക്കാന്‍ ‘ഭാരതദേശ’ത്തിന്റെ വിദേശകാര്യ മന്ത്രിയും ദേശീയതയുടെ അപ്പോസ്തലരായി സ്വയം ചമയുന്ന സംഘ് പരിവാരത്തിന്റെ ഉന്നത നേതാവുമായ സുഷമ സ്വരാജ് എന്തിന് ശിപാര്‍ശ ചെയ്തുവെന്നതാണ് ആദ്യമുയര്‍ന്ന പ്രശ്‌നം. അറസ്റ്റ് ഭയന്ന് രാജ്യം വിട്ട ലളിത് മോദിക്ക് ബ്രിട്ടനില്‍ തുടരുന്നതിന് സഹായകമാകും വിധത്തില്‍ ബി ജെ പിയുടെ മറ്റൊരു നേതാവും രാജസ്ഥാനിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ കത്തുനല്‍കിയെന്ന വിവരം പിറകെ എത്തി. ഇതോടെയാണ് ‘മേക്ക് ഇന്‍ ഇന്ത്യ’ യുടെ വലുപ്പവും യോഗാസനത്തിന്റെ തിളക്കവും ആര്‍ജിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന മോദി സര്‍ക്കാറിന്റെ മുഖം കരുവാളിച്ചത്.
ലളിത് മോദിയെ സഹായിക്കാന്‍ ബ്രിട്ടനിലെ പാര്‍ലിമെന്റംഗം ശ്രമിച്ചതിലെ ഔചിത്യം ചോദ്യംചെയ്ത് അവിടുത്തെ പത്രം നല്‍കിയ വാര്‍ത്തയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ശിപാര്‍ശയും ഇക്കാര്യത്തിലുണ്ടായിരുന്നുവെന്ന വാക്യമുണ്ടായിരുന്നു. ഇതിന് പിറകെ ഇത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായത്, മാധ്യമ ജാഗ്രതയുടെ മാത്രം ഫലമായിരുന്നില്ല. ബി ജെ പിയിലെ ചോദ്യംചെയ്യാനാകാത്ത നേതാവായി നരേന്ദ്ര മോദി വളര്‍ന്ന കാലത്തും അതിന് ശേഷവും എല്‍ കെ അദ്വാനിക്കൊപ്പമായിരുന്നു സുഷമ. പാര്‍ട്ടിയില്‍ പാര്‍ശ്വത്തിലേക്ക് നീക്കപ്പെട്ട അദ്വാനിയുടെ അഭ്യര്‍ഥനയുടെ ഫലമായിരുന്നു സുഷമയുടെ മന്ത്രിസ്ഥാനമെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദേശകാര്യ വകുപ്പ് പേരിന് കൈകാര്യം ചെയ്യുന്നുവെന്നല്ലാതെ നയപരമായ കാര്യങ്ങളിലൊന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സുഷമക്ക് പ്രത്യേകിച്ച് റോളുണ്ടായിരുന്നില്ല. വിദേശരാജ്യങ്ങളില്‍ നരേന്ദ്ര മോദി പറന്നുനടന്നപ്പോള്‍ പലേടത്തും സുഷമ സ്വരാജിന് സ്ഥാനമുണ്ടായതുമില്ല. പേരിനൊരു മന്ത്രിയെന്ന നിലയിലിരിക്കുമ്പോഴും സുഷമക്കെതിരെ നീക്കം നടത്താന്‍ ബി ജെ പി നേതാക്കള്‍ ശ്രമിച്ചുവെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ചെറുതല്ലാത്ത പോര് നടക്കുന്നുവെന്ന് തന്നെയാണ് അര്‍ഥം.
വസുന്ധര രാജെ സിന്ധ്യയുടെ പങ്ക് വെളിപ്പെടുത്തിയത് ലളിത് മോദി തന്നെയാണ്. സുഷ്മക്കെതിരായ നീക്കം തിരിച്ചറിഞ്ഞാണ് വസുന്ധരയുടെ പങ്ക് പുറത്തുപറയാന്‍ ലളിത് തയ്യാറായത്. ഇതിന് പുറകെ, വസുന്ധരയുടെ മകന്‍ ദുഷ്യന്തിന്റെ കമ്പനിയില്‍ ലളിത് മോദിയുടെ ഭാര്യക്കുള്ള നിക്ഷേപത്തിന്റെ കണക്ക് പുറത്തുവന്നു. വിദേശത്തെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ഏറെ വാചലനായിരുന്നു നരേന്ദ്ര മോദി. അതൊക്കെ തിരിച്ചുകൊണ്ടുവരുമെന്നും കള്ളപ്പണക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. അതിന് വേണ്ടി നിയമ നിര്‍മാണത്തിന് തയ്യാറാകുകയും ചെയ്തു. അവര്‍ക്കു മുന്നിലേക്കാണ് സുഷ്മയെയും വസുന്ധരയെയും കുറിച്ചുള്ള ആരോപണം എത്തുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ക്രിക്കറ്റ് വ്യവസായം ആരംഭിച്ച ലളിത് മോദി, അതിലേക്കുള്ള ടീമുകളെ നിശ്ചയിക്കുന്നതിലൊക്കെ വലിയ പങ്കാണ് വഹിച്ചത്. ഈ ടീമുകളിലേക്ക് നിക്ഷേപമെത്തിയത് കള്ളപ്പണം സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന മൗറീഷ്യസിലും മറ്റും രജിസ്റ്റര്‍ ചെയ്ത നാമം മാത്രമായ കമ്പനികളിലൂടെയാണെന്ന് യു പി എ സര്‍ക്കാറിന്റെ കാലത്തു തന്നെ വ്യക്തമായതാണ്. ഏതാണ്ടെല്ലാ ടീമുകളിലും ലളിത് മോദിയുടെ ബന്ധുക്കള്‍ക്കോ ബിനാമികള്‍ക്കോ നിക്ഷേപമുണ്ടെന്നതും. ഈ പണമൊഴുക്കിന് കാര്‍മികത്വം വഹിച്ചയാളാണ് ലളിത് മോദി. അത്തരമൊരാളെയാണ് സുഷമയും വസുന്ധരയും സഹായിച്ചത്. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും ഉയര്‍ന്ന പദവികളിലിരിക്കുന്നവര്‍ ആരോപണം നേരിടുന്നയാള്‍ക്ക് സൗകര്യമൊരുക്കാന്‍ തയ്യാറാകുന്ന അവസ്ഥ. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ജീവിക്കുന്ന ഒരാളെ നിയമം നിര്‍മിക്കാനും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ബാധ്യതയുള്ളവര്‍ തന്നെ സഹായിക്കുന്ന സ്ഥിതി. രോഗബാധിതയായ ഭാര്യക്കൊപ്പം നില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യം മാനുഷിക പരിഗണന മുന്‍നിര്‍ത്തി അംഗീകരിക്കുകയായിരുന്നുവെന്ന വാദം ഇവിടെ വിലപ്പോകില്ല തന്നെ. ഭാര്യയുടെ അസുഖം മുന്‍നിര്‍ത്തി യാത്ര ചെയ്ത ലളിത് മോദി, ചലച്ചിത്ര താരങ്ങള്‍ക്കും മോഡലുകള്‍ക്കുമൊപ്പം അവധിക്കാലം ചെലവിട്ടതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രത്യേകിച്ചും. ബ്രിട്ടനില്‍ താമസിക്കാന്‍, വേണ്ട സഹായം വസുന്ധര ചെയ്ത് കൊടുക്കുമ്പോള്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്താനുള്ള സാഹചര്യം ഉണ്ടായിരുന്നതുമില്ല.
രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ ലളിത് മോദിക്ക്, അന്ന് മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കായിക നിയമത്തില്‍ ഭേദഗതി വരുത്തി, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാന്‍ ലളിതിന് വേദിയൊരുക്കിക്കൊടുത്തത് തന്നെ വസുന്ധരയായിരുന്നു. ഇതിന്റെ പ്രത്യുപകാരമല്ലെങ്കില്‍, മറ്റെന്താണ് ദുഷ്യന്തിന്റെ കമ്പനിയില്‍ ലളിത് നടത്തിയ നിക്ഷേപം എന്ന ചോദ്യത്തിന് വസുന്ധരയും അവരെ നേതാവായി വഹിക്കുന്ന ബി ജെ പിയുമാണ് മറുപടി പറയേണ്ടത്.
ബി ജെ പിയുടെ മാത്രമല്ല, കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയുമൊക്കെ നേതാക്കളുമായി ലളിത് മോദിക്ക് ബന്ധമുണ്ട്. അതിന്റെയൊക്കെ ബലത്തിലാണ് ആരോപണവിധേയനായിരിക്കെ, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെ അദ്ദേഹം ബ്രിട്ടനിലേക്ക് പറന്നത്. കള്ളപ്പണം, നികുതിവെട്ടിപ്പ്, പലതരം ക്രമക്കേടുകള്‍ എന്ന് തുടങ്ങി പലവിധ ആരോപണങ്ങള്‍ ഐ പി എല്ലിനെ ചൂഴ്ന്ന് നില്‍ക്കുകയും അതിന്റെ കേന്ദ്ര സ്ഥാനത്ത് ലളിത് മോദിയുണ്ടാകുകയും ചെയ്ത അക്കാലത്തും ബി ജെ പിയുടെ നേതാക്കളൊന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. സുനന്ദ പുഷ്‌കറിന്റെ വിയര്‍പ്പോഹരിയുടെ പേരില്‍ ശശി തരൂരിനെതിരെ ആരോപണമുയര്‍ന്നകാലത്ത് പാര്‍ലിമെന്റ് സ്തംഭിപ്പിച്ച ബി ജെ പി, ലളിത് മോദി പ്രതി സ്ഥാനത്തേക്ക് വന്നതോടെ ഐ പി എല്‍ കുംഭകോണത്തിന്റെ കാര്യത്തില്‍ മൗനമുദ്രിതമായി. അതിന്റെ കാരണം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സുഷക്കും വസുന്ധരക്കുമെതിരെ നടപടിയെടുക്കാന്‍ നരേന്ദ്ര മോദി – അമിത് ഷാ സഖ്യം മടിക്കുന്നതിന് പിറകില്‍, പാര്‍ട്ടിലെ ഗ്രൂപ്പിസം ഒരു ഘടകമാണ്. ഗ്രൂപ്പു പോര് പരസ്യമായാല്‍ എല്ലാം അടക്കിവാഴുന്നവരെന്ന പ്രതീതിയാണ് ഇല്ലാതാകുക. അതിനുമപ്പുറത്ത്, ഐ പി എല്‍ വ്യവസായവുമായുള്ള ബന്ധവും കാരണമാണ്. 2009 മുതല്‍ 2014 വരെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു നരേന്ദ്ര മോദി. ഇക്കാലത്താണ് മോദിയുടെ അടുത്തയാളായി അറിയപ്പെടുന്ന വ്യവസായി ഗൗതം അദാനി, ഐ പി എല്‍ ടീം സ്വന്തമാക്കാന്‍ ശ്രമിച്ചത്. അദാനിക്ക് ടീം ലഭിക്കുന്നതിന് വേണ്ടി, ഐ പി എല്ലിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ലളിത് മോദി ശ്രമിച്ചിരുന്നു.
ടീം അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ച്, ക്വട്ടേഷന്‍ സ്വീകരിച്ച് അത് പരിഗണിക്കാന്‍ ഐ പി എല്‍ ഭരണസമിതി ചേരുമ്പോഴാണ് ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ ലളിത് ശ്രമിച്ചത്. ടീമിന്റെ ഉടമസ്ഥര്‍ക്ക് വേണ്ട ആസ്തിയുടെ അളവ് ഉയര്‍ത്താന്‍ നിര്‍ദേശിച്ച ലളിത് മോദി, ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ട തുകയും ഉയര്‍ത്തിവെച്ചു. അദാനിക്ക് സഹായം നല്‍കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് ആക്ഷേപം. ഐ പി എല്‍ ഭരണ സമിതി, ഈ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു. മറ്റ് ഗ്രൂപ്പുകളോട് ഭരണസമിതിയിലെ മറ്റംഗങ്ങള്‍ക്കുണ്ടായിരുന്ന താത്പര്യമാകാം ലളിതിന്റെ നീക്കങ്ങള്‍ നടക്കാതെ പോയതിന് കാരണം. എന്തായാലും ടീം നേടാന്‍ അദാനി ശ്രമിച്ചതിനും അതിന് വേണ്ടി ലളിത് മോദി രംഗത്തിറങ്ങിയതും വസ്തുത മാത്രം. അദാനിയുടെ അന്നത്തെ ശ്രമം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന നരേന്ദ്ര മോദിയുടേയും വൈസ് പ്രസിഡന്റായിരുന്ന അമിത് ഷായുടേയും അറിവില്ലാതെയായിരുന്നുവെന്ന് വിശ്വസിക്കുക പ്രയാസം.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന് ശേഷമാണ് ഗൗതം അദാനിയുടെ വ്യവസായം വളരാന്‍ തുടങ്ങിയത്. മുന്ദ്രയില്‍ തുറമുഖമുള്‍പ്പെടെ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിന് അദാനിക്ക് ചുളുവിലക്ക് ഭൂമി അനുവദിക്കുന്നതൊക്കെ അക്കാലത്താണ്. വ്യവസായം, ക്രിക്കറ്റിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അദാനി താത്പര്യപ്പെട്ടാല്‍, അന്ന് മുന്‍പിന്‍ ആലോചിക്കാതെ മോദിയും ഷായും പിന്തുണക്കുമായിരുന്നു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അദാനിക്കൊരു ഐ പി എല്‍ ടീം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലളിത് മോദിക്ക് അക്കാലത്തെങ്ങാന്‍ മോദിയോ ഷായോ കത്തയച്ചിട്ടുണ്ടെങ്കിലോ? അതെങ്ങാന്‍ ലളിത് മോദി ഇപ്പോള്‍ പുറത്തുപറഞ്ഞാല്‍ സ്ഥിതിയെന്താകും? മോദി ഫോണില്‍ വിളിച്ച് അദാനിയുടെ ടീമിന്റെ കാര്യം തന്നോട് സംസാരിച്ചിരുന്നുവെന്ന് ലളിത് മോദി പറഞ്ഞാലോ? സുഷമക്കും വസുന്ധരക്കും മാത്രമല്ല ഭയക്കേണ്ട സാഹചര്യമുള്ളത്.
സുഷമ സ്വരാജിന്റെ ഭര്‍ത്താവ്, സ്വരാജ് കൗശല്‍ രണ്ട് ദശകത്തോളമായി ലളിത് മോദിയുടെ അഭിഭാഷകനാണ്. ലളിതിന് അറിയാവുന്നതില്‍ കുറച്ചൊക്കെ സ്വരാജ് കൗശലിനും അറിയാതെ വരില്ല. സുഷമയെ പുറത്താക്കാന്‍ തീരുമാനിച്ചാല്‍ സ്വരാജ് കൗശലെങ്ങാന്‍ മൗനം വെടിഞ്ഞാലോ? അപ്പോള്‍ പിന്നെ മൗനം തന്നെയാണ് ഭൂഷണം. സുഷ്മക്ക് പറഞ്ഞുകൊടുക്കാവുന്ന ഏറ്റവും മികച്ച മന്ത്രവും മൗനം തന്നെ. ലളിത് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാതിരിക്കെ, സംശയങ്ങള്‍ക്ക് അടിസ്ഥാനമുണ്ട്. നരേന്ദ്ര മോദിയെ ലളിത് മോദി ആദേശം ചെയ്യുന്നത് വാര്‍ത്തകളില്‍ മാത്രമല്ലെന്ന് ചുരുക്കം.