അരുവിക്കരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു: കോടിയേരി

Posted on: June 29, 2015 2:20 pm | Last updated: June 30, 2015 at 7:58 am

kodiyeriതിരുവനന്തപുരം: അരുവിക്കരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ ആനുകൂല്യം ലഭിച്ചത് ബിജെപിക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്‍ ഡി എഫിനുള്ള വോട്ടുകള്‍ എല്‍ ഡി എഫിന് തന്നെ കിട്ടിയിട്ടുണ്ടെന്നും ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട്  പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ മാണിക്ക് അനുലമായ നിയമോപദേശം വിലകൊടുത്ത് വാങ്ങിയതാണെന്ന് കോടിയേരി ആരോപിച്ചു. മാണിക്ക് അനുകൂലമായി മൊഴി നല്‍കിയ ബാറുടമകളുടെ അഭിഭാഷകനായ നാഗേശ്വരറാവുവാണ് നിയമോപദേശം നല്‍കിയത്. ഫീസിനത്തില്‍ പത്ത് ലക്ഷം രൂപ വരെ വാങ്ങുന്നയാളാണ് ഇദ്ദേഹം. നിയമോപദേശം ലഭിക്കാന്‍ എത്ര രൂപ കൊടുത്തുവെന്നും ആര് കൊടുത്തുവെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാണിക്കെതിരെ തെളിവുണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയാണ് വിജിലന്‍സ് ഡയറക്ടര്‍ ചെയ്യേണ്ടത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.