Connect with us

Kerala

ബാര്‍ കോഴ: സമ്മര്‍ദമുണ്ടായെന്ന് ചെന്നിത്തല നിയമസഭയില്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റിന് നിയമസഭയില്‍ ചെന്നിത്തലയുടെ സ്ഥിരീകരണം. വലിയ സമ്മര്‍ദമാണ് താന്‍ അനുഭവിച്ചതെന്നും എന്നാല്‍ സര്‍ക്കാറോ താനോ അതിന് വഴങ്ങിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഇതോടെ എവിടെനിന്നാണ് സമ്മര്‍ദം ഉണ്ടായതെന്ന് ചോദിച്ച് പ്രതിപക്ഷം രംഗത്ത് വന്നത് ബഹളത്തിനിടയാക്കി.

ഇന്നലെ ഉച്ചയോടെയാണ് കേസന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് സമ്മര്‍ദം അനുഭവിക്കേണ്ടി വന്നുവെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞാന്‍ യാതൊരു വിധ ഇടപടെലും നടത്തിയിട്ടില്ല. അത് എന്റെ വ്യക്തവും സുനിശ്ചിതവുമായ നിലപാടായിരുന്നു. ഈ നിലപാട് കൈക്കൊണ്ടതിന്റെ പേരില്‍ യു ഡി എഫിനുള്ളില്‍ നിന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് എനിക്ക് അനുഭവിക്കേണ്ടി വന്നത്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല, മന്ത്രി എന്ന നിലയില്‍ ഞാനത് കാണേണ്ട കാര്യവുമില്ല. വിന്‍സന്‍ എം പോളിനെപ്പോലെ സത്യ സന്ധനും പ്രഗല്‍ഭനുമായ ഒരു ഉദ്യേഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചത്. അവിടെ പുറമെ നിന്നുള്ള ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും പ്രസക്തിയില്ലന്ന് തന്നെയാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. കേരളത്തിലാദ്യമായിട്ടായിരിക്കും ഒരു മന്ത്രിക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്ത് ഇത്ര വിപുലവും, വ്യാപകവുമായ അന്വേഷണവും തെളിവെടുപ്പും ഉണ്ടാകുന്നത്. വിജിലന്‍സിന് മേല്‍ ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ ഒന്നും തന്നെയുണ്ടായില്ലന്ന് ഇതില്‍ നിന്ന് മനസിലാക്കാം. അന്വേഷണ ഉദ്യേഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് കോടതിക്കാണ്. പ്രസ്തുത റിപ്പോര്‍ട്ട് തള്ളുന്നതും, കൊള്ളുന്നതുമെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്.