Connect with us

International

ഫ്രീഡം ഫ്‌ളോട്ടില്ല ഗാസാ തീരത്തേക്ക്

Published

|

Last Updated

ജറൂസലം: ഫലസ്തീന്‍ പ്രദേശമായ ഗാസക്ക് മേലുള്ള ഇസ്‌റഈല്‍ ഉപരോധത്തെ മറികടന്ന് സഹായവുമായി സന്നദ്ധ പ്രവര്‍ത്തകരുടെ ഫ്രീഡം ഫ്‌ളോട്ടില്ല-3 എന്ന കപ്പല്‍ വ്യൂഹം ഗാസാ തീരത്തേക്ക് യാത്ര തിരിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 70 ലധികം സന്നദ്ധ പ്രവര്‍ത്തകരുള്‍ക്കൊള്ളുന്ന കപ്പല്‍ വ്യുഹം മെഡിറ്ററേനിയന്‍ കടലിലെ ക്രീറ്റെ തീരത്ത് നിന്ന് ഗാസ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയതായി സംഘത്തിലെ ഒരംഗവും ഇസ്‌റാഈല്‍ പാര്‍ലിമെന്റ് അംഗവുമായ ബേസല്‍ ഗറ്റസ് ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍ ടുണീഷ്യന്‍ പ്രസിഡന്റ് മുന്‍സെഫ് മര്‍സൂകി, സ്‌പെയ്ന്‍ പാര്‍ലിമെന്റഗം അന്ന മരിയ മിറാന്‍ഡ പാസ തുടങ്ങി വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങളും യാത്രാ സംഘത്തിലുണ്ട്. 2010 ല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ഇതേ പേരിലുള്ള യാത്ര രക്തചൊരിച്ചിലില്‍ കലാശിച്ചിരുന്നു. അന്ന് കപ്പല്‍ വ്യൂഹത്തിലുണ്ടായിരുന്ന തുര്‍ക്കി കപ്പല്‍ മാവി മര്‍മരക്കെതിരെ ഗാസ തീരത്ത് വെച്ച് ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 10 തുര്‍ക്കി ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
ഇത്തരത്തില്‍ ഗാസ ലക്ഷ്യമാക്കി ആക്ടിവിസ്റ്റുകള്‍ നിരവധി തവണ നടത്തിയ യാത്രകള്‍ ഇസ്‌റാഈല്‍ സൈന്യം തടയുകയായിരുന്നു. യാത്ര തടസ്സപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഒരു കപ്പലിന്റെ പ്രൊപ്പല്ലര്‍ നശിപ്പിച്ചതായി സംഘത്തിലെ ഇസ്‌റാഈല്‍ വംശജനായ ആക്ടിവിസ്റ്റ് ദ്രോര്‍ ഫെയ്‌ലര്‍ ഒരു അറബ്-ഇസ്‌റാഈല്‍ റേഡിയോയോട് വെളിപ്പെടുത്തിയിരുന്നു. ഗൂഢ ശക്തികള്‍ തങ്ങളെ തടയാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇസ്‌റാഈലിന്റെ മുഖം കരിവാരിത്തേക്കാന്‍ ലക്ഷ്യമിട്ട് ചില പ്രകോപനകാരികള്‍ നടത്തുന്ന പദ്ധതിയാണ് ഫ്‌ളോട്ടില്ലയെന്ന ആരോപിച്ച് ഇസ്‌റാഈല്‍ ഉപ വിദേശകാര്യ മന്ത്രി രംഗത്തെത്തി. 1.8 മില്യണ്‍ ജനങ്ങള്‍ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലിലെ അവകാശ നിഷേധങ്ങള്‍ തുറന്ന് കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫ്‌ളോട്ടില്ല മീഡിയ ടീം പറഞ്ഞു.
ഗാസയിലെ തീക്ഷ്ണമായ സാഹചര്യങ്ങള്‍ മറികടക്കാന്‍ ഫ്രീഡം ഫ്‌ളോട്ടില്ലക്ക് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇസ്‌റഈലിന്റെ സുരക്ഷ കണക്കിലെടുത്തു കൊണ്ടു തന്നെ എല്ലാ ഉപരോധവും പിന്‍വലിക്കണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.

Latest