പ്രവാസം നാലരപതിറ്റാണ്ട്; അബൂബക്കര്‍ നാട്ടിലേക്ക്

Posted on: June 26, 2015 8:16 pm | Last updated: June 26, 2015 at 8:16 pm

IMG_0002ഷാര്‍ജ: പ്രവാസ ജീവിതത്തിന്റെ സംഭവ ബഹുലമായ 45 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി അരട്ടന്‍ അബൂബക്കര്‍ നാട്ടിലേക്ക്. ഒത്തിരി നല്ല മുഹൂര്‍ത്തങ്ങള്‍ക്കും അവിസ്മരണീയ സംഭവങ്ങള്‍ക്കും പുറമെ ഒരുപാടു ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഓര്‍മകളുമായാണ് മടങ്ങുന്നതെന്ന് അബൂബക്കര്‍ വ്യക്തമാക്കി.
1970ല്‍ 140ല്‍ പരം സഹയാത്രികര്‍ക്കൊപ്പം മുംബൈയില്‍ നിന്നു കപ്പല്‍ വഴി ഖോര്‍ഫുകാന്‍ കടല്‍ തീരത്ത് എത്തിയപ്പോള്‍ കടലില്‍ മുങ്ങിതാഴ്ന്നും ഉപ്പുവെള്ളം കുടിച്ചതും മറക്കാനാവില്ല. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രം കരപറ്റുകയായിരുന്നു. 25 ദിവസത്തെ കപ്പല്‍യാത്ര വളരെയധികം ദുരിതം നിറഞ്ഞതായിരുന്നുവെന്ന് ഇപ്പോഴും ഓര്‍ക്കുന്നു. ഒരു മാസത്തിന് ശേഷമാണ് ഷാര്‍ജയില്‍ മദര്‍ ക്യാറ്റ് എന്ന കമ്പനിയില്‍ ജോലിക്ക് പ്രവേശിക്കാനായത്. ആ കാലഘട്ടത്തില്‍ ഇവിടെ രണ്ട് നില കെട്ടിടം പോലും ഉണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം ഷാര്‍ജയില്‍ കഴിഞ്ഞതിന് ശേഷം 1975ല്‍ അബുദാബി സുഹാനില്‍ ഡിഫന്‍സില്‍ ഓഫീസ് ബോയിയായി ജോലി ലഭിച്ചു. നീണ്ട 28 വര്‍ഷം അവിടെ തുടര്‍ന്നു. പിന്നീട് 2003 മുതല്‍ വീണ്ടും ഷാര്‍ജയിലെത്തി. ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ 12 വര്‍ഷത്തോളമായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അബൂബക്കര്‍ നാട്ടിലേക്ക് മടങ്ങുന്നത്.
പ്രവാസ ജീവിതം കൊണ്ട് മൂന്ന് സഹോദരിമാര്‍ക്ക് വീടുവെച്ച് നല്‍കാനും സ്വന്തമായി വീടുണ്ടാക്കാനും സാധിച്ചു. മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനായതും പ്രവാസം കൊണ്ടുണ്ടായ നേട്ടം. 45 വര്‍ഷക്കാലത്തെ ഗള്‍ഫ് ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പകര്‍ന്നുകിട്ടി മുമ്പോട്ടുള്ള ജീവിതത്തിന് ഈ അനുഭവം മുതല്‍കൂട്ടാകുമെന്ന് അബൂബക്കര്‍ വിശ്വസിക്കുന്നു. കെ എം സി സി പ്രവര്‍ത്തകനായ സാമൂഹിക രംഗത്തിനൊപ്പം കായിക രംഗത്തും മികവ് പുലര്‍ത്തിയിരുന്നു. പഴയ കാല ക്രിക്കറ്റ് കളിക്കാരനും കൂടിയാണ് അബൂബക്കര്‍.