ഒറ്റപ്പാലത്ത് രണ്ട് മാസത്തിനകം ഫിലിം സിറ്റി നിര്‍മാണം ആരംഭിക്കും

Posted on: June 26, 2015 12:00 pm | Last updated: June 26, 2015 at 3:00 pm

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് രണ്ടു മാസത്തിനകം ഫിലിം സിറ്റി നിര്‍മാണം ആരംഭിക്കും. നിര്‍ദ്ദിഷ്ഠ ഫിലിം സിറ്റിക്കുവേണ്ടി നീക്കിവെച്ചിട്ടുള്ള കണ്ണിയംപുറം കാഞ്ഞിരപ്പുറ ഇറിഗേഷന്‍ ഓഫീസിനോടനുബന്ധിച്ചുള്ള പ്രദേശം സന്ദര്‍ശിച്ചതിനുശേഷം കെ എസ് എഫ് ഡി സി ചെയര്‍മാന്‍ രാജ്‌മോന്‍ ഉണ്ണിത്താന്‍, എം ഡി ദീപ ഡി നായര്‍, സിനിമാ സംവിധായകന്‍ ഐ വി ശശി എന്നിവര്‍ പത്രലേഖകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംവിധായകന്‍ സുരേഷ്ബാബു, എം എല്‍ എ എം ഹംസ, ടെക്‌നിക്കല്‍ ടീ ലാല്‍, ശ്രീകുമാര്‍, സുനില്‍ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു. മൂന്ന് ഏക്കര്‍ മൂന്ന് സെന്റ് സ്ഥലത്താണ് ഫിലിം സിറ്റി നിര്‍ിക്കുക. തോമസ് ഐസക്ക് ധനകാര്യ മന്ത്രിയായിരിക്കേ വകയിരുത്തിയ 50 ലക്ഷം, യു ഡി എഫ് സര്‍ക്കാര്‍ വകയിരുത്തിയ ഒരു കോടി, എം എല്‍ എ ഹംസയുടെ ഫണ്ടില്‍ നിന്നും അഞ്ചു കോടി ഉള്‍പ്പെടെ 6.5 കോടി രൂപ പ്രാഥമിക ഫണ്ട് കൈവശമുണ്ട്.
നിര്‍മിക്കുന്ന കാര്യങ്ങളെ കുറിച്ച് ഏകദേശരൂപമായ ശേഷം ബാക്കി ഫണ്ട് സര്‍ക്കാര്‍ അനുവദിക്കും. സന്ദര്‍ശനം നടത്തിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. തുടര്‍ന്ന് പ്ലാനിംഗ് ബോഡുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഫിലിം സിറ്റിക്കകത്ത് എന്തൊക്കെ നിര്‍മിക്കണമെന്ന് തീരുമാനിക്കുകയുള്ളൂ. എന്നാലും മള്‍ട്ടി പര്‍പ്പസ് സെന്റര്‍, അമ്പലം, പള്ളി, ചര്‍ച്ച്, കടകള്‍, റോഡുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, വില്ലകള്‍ ന്നെിവ ആദ്യഘട്ടം നിര്‍മിക്കേണ്ട കാര്യം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കേണ്ട കാര്യവും ആലോചിക്കും.
ആകെ 3.03 ഏക്കര്‍ മാത്രം വിസ്തൃതിയുള്ളതിനാല്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. ഡബ്ബിംഗ്, എഡിറ്റിംഗ്, പവര്‍ യൂനിറ്റ്, 100 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക രീതിയിലുള്ള തിയേറ്റര്‍ എന്നിവ ഫിലിം സിറ്റിക്കകത്ത് ഉണ്ടാകും.
ഫിലിം സിറ്റിക്കകത്ത് ഇതുസംബന്ധിച്ച് സര്‍വീസ് കോഴ്‌സുകള്‍ നടത്താനുള്ള സംവിധാനം ഒരുക്കണമെന്നും ഫിലിം സിറ്റിയെ ഫിലിം ടൂറിസമാക്കണമെന്നും എം എല്‍ എ ഹംസ ചടങ്ങില്‍ വെച്ച് ആവശ്യപ്പെടുകയും ചെയ്തു.
ഫിലിം സിറ്റി സ്ഥാപിക്കുന്നത് ചെറിയ പ്രദേശത്താണെങ്കിലും ഫിലിം ഷൂട്ടിംഗ് നടക്കാന്‍ പ്രകൃതി സൗന്ദര്യമുള്ള പ്രദേശമാണ് ഒറ്റപ്പാലം എന്ന നിലക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഥമ പരിഗണന ഒറ്റപ്പാലത്തിന് നല്‍കിയത്. ഇതിനകം തന്നെ നിരവധി ഷൂട്ടിംഗ് ഒറ്റപ്പാലത്ത് നടന്നതും ഒറ്റപ്പാലത്തെ ഫിലിം സിറ്റി യാഥാര്‍ഥ്യമാകാന്‍ കാരണമായതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.