ചിലിക്കുഴിയില്‍ ഉറുഗ്വെ വീണു

Posted on: June 26, 2015 12:46 am | Last updated: June 26, 2015 at 12:46 am

29F2675900000578-3138343-image-a-52_1435194661356സാന്റിയാഗോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ എല്ലാ ചാപല്യങ്ങളും നിറഞ്ഞ പോരില്‍ ആതിഥേയരായ ചിലി ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വെയെ വീഴ്ത്തി, കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ ഇടം ഉറപ്പിച്ചു. ബൊളിവിയ-പെറു മത്സര വിജയിയാകും ചിലിയുടെ സെമി എതിരാളി. എണ്‍പത്തൊന്നാം മിനുട്ടില്‍ യുവെന്റസ് ഡിഫന്‍ഡര്‍ മൗറിസിയോ ഇസ്‌ലയാണ് ഉറുഗ്വെന്‍ വല തുളച്ചത്. ചിലിക്ക് വേണ്ടി ഇസ്‌ല നേടുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്.
ഉറുഗ്വെയുടെ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും ഡിഫന്‍ഡര്‍ ജോര്‍ജ് ഫുസൈലും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. രണ്ട് പേരെയും രണ്ടാം പകുതിയിലാണ് നഷ്ടമായത്. ബ്രസീലിയന്‍ റഫറി സാന്‍ഡ്രൊ മെയ്‌റ റിചി കവാനിക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് കാണിച്ച് പുറത്താക്കിയത് കടന്ന കൈയ്യായിരുന്നു. ആദ്യ പകുതിയില്‍ ആര്‍തുറോ വിദാലിനെ ഫൗള്‍ ചെയ്തതിനാണ് കവാനിക്ക് ആദ്യ മഞ്ഞക്കാര്‍ഡ് കണ്ടത്. രണ്ടാം പകുതിയില്‍ ചിലി ഡിഫന്‍ഡര്‍ ഗോണ്‍സാലോ യാറ കവാനിയുടെ ദേഹത്ത് വളരെ മോശമായി സ്പര്‍ശിച്ചതാണ് കവാനിയുടെ റെഡ്കാര്‍ഡില്‍ കലാശിച്ചത്. അറുപത്തിരണ്ടാം മിനുട്ടിലായിരുന്നു ഇത്. ഗോണ്‍സാലോ യാറുടെ പെരുമാറ്റത്തില്‍ ദേഷ്യം പിടിച്ച കവാനി കൈമുട്ടുകൊണ്ട് തള്ളുകയായിരുന്നു. ഫൗള്‍ അഭിനയിച്ച യാറ ബ്രസീല്‍ റഫറിയെ വിദഗ്ധമായി കബളിപ്പിച്ചു.
പിതാവുണ്ടാക്കിയ കാറപകടത്തിന്റെ നിയമനടപടികള്‍ നേരിടാന്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന കവാനി അവസാനനിമിഷം പോക്ക് റദ്ദാക്കിയാണ് കളിക്കാനിറങ്ങിയത്.
പിതാവുണ്ടാക്കിയ പ്രശ്‌നം കവാനിയെ ഏറെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രകടനത്തില്‍ കാണാമായിരുന്നു. ഇത് മുതലെടുക്കുകയായിരുന്നു ചിലി ഡിഫന്‍ഡര്‍ യാറ. രണ്ടാമത്തെ റെഡ് കാര്‍ഡ് എണ്‍പത്തേഴാം മിനുട്ടിലാണ്. ജോര്‍ജ് ഫുസൈലിന് റെഡ് കാര്‍ഡ് കാണിച്ചതോടെ ഗ്രൗണ്ടിലെ അന്തരീക്ഷം പാടെ മാറി. ഉറുഗ്വെ താരങ്ങളൊന്നടങ്കം റഫറിയെ വളഞ്ഞു. കളിക്കാര്‍ തമ്മിലും പോരടിച്ചു. ഉറുഗ്വെ കോച്ച് ഓസ്‌കര്‍ ടബരെസ് ചട്ടം ലംഘിച്ച് പ്രതിഷേധവുമായി ഗ്രൗണ്ടിലേക്കിറങ്ങി.
കവാനി പുറത്തായതിന് ശേഷം മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടാനായിരുന്നു ഉറുഗ്വെപദ്ധതിയിട്ടത്. മികച്ച പ്രതിരോധവുമായി ആ തന്ത്രം ഏറെക്കുറെ ഫലിക്കുകയും ചെയ്തു. എന്നാല്‍ മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടന്നയുടനെ ചിലി ലക്ഷ്യംകണ്ടു. പ്ലേമേക്കര്‍ ജോര്‍ജ് വല്‍ദീവിയ നല്‍കിയ പാസ് ഇസ്‌ല ഒരു തകര്‍പ്പന്‍ നിലം പറ്റെ ഷോട്ടിലൂടെ വലയിലാക്കി. ഉറുഗ്വെ ഗോളി ഫെര്‍നാണ്ടോ മുസ്‌ലെരയുടെ ശ്രദ്ധക്കുറവും ഈ ഗോളില്‍ കാണാം. ഗോള്‍ മടക്കാനുള്ള തത്രപ്പാടിനിടെയാണ് ഫുസൈല്‍ ചിലി സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസിനെ ഫൗള്‍ ചെയ്തത്. ഇത് ചുവപ്പ് കാര്‍ഡില്‍ കലാശിച്ചു.
ഗോണ്‍സാലസ് ചതിച്ചുവെന്ന് ടബരെസ്
ചിലി ഡിഫന്‍ഡര്‍ ഗോണ്‍സാലോ യാറ ഉറുഗ്വെക്ക് ഇതാദ്യമായിട്ടല്ല തലവേദനയാകുന്നത്. 2013 ല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനെ യാറ പ്രകോപിപ്പിച്ചിരുന്നു.
സുവാരസിന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിച്ചായിരുന്നു യാറയുടെ പ്രകോപനം. സുവാരസ് ചിലി താരത്തെ പിടിച്ചു തള്ളിയതോടെ ഗ്രൗണ്ടില്‍ സംഘര്‍ഷമായി. അതേ തന്ത്രം തന്നെയാണ് കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ കവാനിക്കെതിരെയും ഗോണ്‍സാലോ യാറ നടത്തിയത്. അസ്വസ്ഥനായി നില്‍ക്കുന്ന താരത്തെ കൂടുതല്‍ അസ്വസ്ഥനാക്കുന്ന തന്ത്രത്തില്‍ യാറ വിജയിക്കുകയും ചെയ്തു.
കവാനിയുടെ പിന്‍ഭാഗത്ത് മോശമായി സ്പര്‍ശിച്ച് യാറ പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് മത്സരശേഷം ഉറുഗ്വെ കോച്ച് ഓസ്‌കര്‍ ടബരെസ് പറഞ്ഞു. ടെലിവിഷന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു നോക്കൂ, ചിത്രങ്ങള്‍ നോക്കൂ ആര്‍ക്കാണ് ചുവപ്പ് കാര്‍ഡ് ലഭിക്കേണ്ടതെന്ന് വ്യക്തമാകും.
കവാനിയെ ചിലി താരം പ്രകോപിപ്പിക്കുന്നത് ബ്രസീലിയന്‍ റഫറി കാണാതെ പോയി.
എന്നാല്‍, ലൈന്‍സ്മാന് വ്യക്തമായി കാണാമായിരുന്നു. അയാളും കവാനിക്കെതിരായാണ് വിധിയെഴുതിയത്. ഇത് ദൗര്‍ഭാഗ്യകരമാണ് – ടബരെസ് പറഞ്ഞു. മത്സരഗതിയെ തന്നെയാണ് ഇത് ബാധിച്ചതെന്ന് റഫറിമാര്‍ മനസിലാക്കണം.