ഒറ്റവാക്കില്‍ നന്ദി പ്രകടനം

  Posted on: June 26, 2015 6:00 am | Last updated: June 26, 2015 at 12:38 am

  ramadan emblom- newനല്ലത് നായയെ കണ്ടും പഠിക്കാമെന്നാണ്. മാസം മുഴുവന്‍ കടിച്ച് പറിച്ച് തിന്ന്, കടിച്ചാല്‍ പൊട്ടാത്ത ഒരെല്ലിന്‍ കഷണമാണ് നാസര്‍ നായക്ക് കൊടുത്തത്. ഒരു പ്ലേറ്റില്‍ വിളമ്പിക്കൊടുത്തതല്ല. കുപ്പയിലേക്ക് എറിഞ്ഞ് കൊടുത്തതാണ്. ഇതിനും വാലാട്ടി നന്ദി പ്രകടിപ്പിക്കുന്ന ഈ ജീവിയില്‍ നിന്നും നന്ദിബോധം എന്ന പാഠമാണ് മനുഷ്യന് പകര്‍ത്താനുള്ളത്. ഉപകാരം ചെയ്തവനോട് പ്രത്യുപകാരം ചെയ്താണ് നന്ദി പ്രകടിപ്പിക്കേണ്ടത്. ചുരുങ്ങിയത് ഒരു നന്ദിവാക്കെങ്കിലും പറയണം. റഫീഖ് എന്തോ ഗൗരവമായ കാര്യം ഫോണില്‍ സംസാരിക്കുകയാണ്. അടുത്തുള്ള മന്‍സൂറിനോട് പേന ചോദിച്ചു വാങ്ങി. എന്തോ ചിലത് എഴുതി. ആ പേനയും കീശയില്‍ താഴ്ത്തി റഫീഖ് പോയത് മന്‍സൂര്‍ അറിഞ്ഞില്ല. നമ്മില്‍ പര്‍ക്കും ഇങ്ങനെ പേന നഷ്ടപ്പെട്ടതോ, പേനയുമായി മുങ്ങിയതോ ആയ അനുഭവങ്ങളുണ്ടാകും. ഒന്ന് ഓര്‍ത്തു നോക്കൂ.
  പേന തന്നവനോട് നന്ദി പറഞ്ഞില്ലെന്ന് മാത്രമല്ല, അത് തിരിച്ചേല്‍പ്പിക്കാന്‍ പോലും നാം മറക്കുന്നത് നന്ദിബോധത്തിന്റെ കുറവല്ലാതെ എന്താണ്. ഇതുകൊണ്ട് തന്നെ പേന ചോദിക്കുന്നവന് ടോപ് ഈരിയിട്ടായിരിക്കണം അത് നല്‍കുന്നത്. കീശയില്‍ കുറേ വര വീഴുമ്പോഴെങ്കിലും ബോധം വന്നെങ്കിലോ!
  കാറോടിച്ചു പോകുന്ന സമയത്ത് ഒരു നാല്‍കവലയിലെത്തി, റോഡ് തിരിച്ചറിയുന്നില്ല. ഓണടിച്ചപ്പോള്‍ ഒരു കാല്‍നട യാത്രക്കാരന്‍ അടുത്തേക്ക് വന്നു. കോഴിക്കോട്ടേക്കുള്ള റോഡേതാണ്? അയാള്‍ പറഞ്ഞു നേരെ പോയാല്‍ മതി. ഈ മറുപടി കേട്ട് നേരെ പോകുന്നതിന് മുമ്പ് ഈ വഴി കാട്ടിയോട് ഒരു നന്ദി പറയാന്‍ നാം മറക്കാറുണ്ടോ? ‘ജസാക്കുമുല്ലാഹുഖൈര്‍’ (അല്ലാഹു തങ്കള്‍ക്ക് നന്മ നല്‍കട്ടെ) എന്നാണ് നന്ദിയായി പറയേണ്ടത്.
  അങ്ങാടിയിലേക്ക് ഇറങ്ങിയതാണ്. വല്ല വണ്ടിയും കിട്ടുമോ എന്ന് നോക്കി റോഡില്‍ നില്‍ക്കുമ്പോഴാണ് സുഹൃത്ത് കാറുമായി വരുന്നത്. അതില്‍ കയറ്റി ലക്ഷ്യസ്ഥാനത്ത് ഇറക്കിതന്നു. ഇറങ്ങി നടക്കുമ്പോള്‍ പലര്‍ക്കും എന്റെ ഡ്രൈവര്‍ എന്നെ ഇവിടെ ഇറക്കിതന്നതാണ് എന്ന മട്ടാണ്. ഒരു നന്ദിവാക്ക് പറയാന്‍ നാം മറക്കുന്നു. ബസില്‍ കയറിയപ്പോള്‍ ഒരു വിനയാന്വിതന്‍ എഴുന്നേറ്റ് നിര്‍ബന്ധിച്ച് തന്റെ സീറ്റില്‍ ഇരിക്കാന്‍ പറയുന്നു. ഇത് ഒരു ഉപകാരം എന്നതിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ആദരിക്കല്‍ കൂടിയാണ്. ഇത്തരം വിനീത വ്യക്തിത്വങ്ങളോട് ഒരു നന്ദിപറയാന്‍ നാം പിശുക്കു കാണിക്കുന്നു.
  ‘ജനങ്ങളോട് ഏറ്റവുമധികം നന്ദി കാണിക്കുന്നവനാരോ അവന്‍ തന്നെയാണ് അല്ലാഹുവോടും ഏറ്റവും നന്ദി കാണിക്കുന്നവന്‍’ എന്ന തിരുവചനം നാമോര്‍മിക്കണം. നന്ദിബോധത്തിന്റെ കുറവുകൊണ്ടാണെന്ന് തോന്നുന്നു. പൊതുയോഗങ്ങള്‍ അവസാനിക്കുമ്പോള്‍ നന്ദിപ്രകാശനം കേള്‍ക്കാനും ആളുകള്‍ക്ക് താത്പര്യമില്ല. നന്ദിയൊന്ന് നന്നായി പറയാന്‍ ഒരുങ്ങിയാല്‍ ചിലപ്പോള്‍ പറയുന്നവന്‍ ഒറ്റപ്പെട്ടുപോകും. ജനങ്ങള്‍ വീട്ടിലെത്തിയിട്ടുണ്ടാകും. ഈ ബോധമുള്ള നന്ദിപ്രഭാഷകന്‍മാര്‍ എല്ലാവര്‍ക്കും ‘ഒറ്റവാക്കില്‍ നന്ദി രേഖപ്പെടുത്തി അവസാനിപ്പിക്കുന്നു’ എന്ന് പറഞ്ഞാണ് മാനം കാക്കാറുള്ളത്.