അധികൃതരുടെ നടപടികള്‍ എങ്ങുമെത്തിയില്ല; മഞ്ചേരി ഫയര്‍ സ്റ്റേഷനുള്ള കാത്തിരിപ്പ് നീളുന്നു

Posted on: June 25, 2015 5:03 am | Last updated: June 25, 2015 at 3:04 pm

മഞ്ചേരി: ഭരണാനുമതി ലഭിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ യഥാര്‍ഥ്യമായില്ല. പ്രഖ്യാപനം വന്നു നാളുകളേറെയായിട്ടും മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. കൊണ്ടോട്ടി, തിരൂരങ്ങാടി, വളാഞ്ചേരി, തേഞ്ഞിപ്പലം, കൊളപ്പുറം എന്നീ പ്രദേശങ്ങളും ഫയര്‍ സ്റ്റേഷന്‍ സാധ്യതയുള്ള മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കുന്നുണ്ട്. മഞ്ചേരി നഗരസഭയുടെ നാല്‍പ്പത്തിയാറാം വാര്‍ഡായ വീമ്പൂരില്‍ കണ്ടെത്തിയ സ്ഥലം ഗെയ്ല്‍ പാചകവാതക പൈപ്പ് ലൈനിന് വിട്ടുകൊടുക്കേണ്ടി വന്നത്.
മഞ്ചേരി തുറക്കല്‍ വാട്ടര്‍ അതോറിറ്റിയുടെ ഭൂമി തേടിപ്പോയെങ്കിലും തടസ്സങ്ങള്‍ നേരിട്ടു. മഞ്ചേരി ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അമ്പത് സെന്റ് ഭൂമി വിട്ടുകൊടുക്കാന്‍ എം എല്‍ എ നിര്‍ദേശിച്ചുവെങ്കിലും പി ടി എ ചേര്‍ന്ന തടസ്സം സൃഷ്ടിച്ചു. ഇവിടെ അഞ്ചേക്കര്‍ ഭൂമി പോളി ടെക്‌നിക്കിനായി മാറ്റിവെച്ചിരിക്കുന്നതിനാലും ശബ്ദ ശല്യമുണ്ടാകുമെന്നും കണ്ട് പി ടി എ ഉടക്കു വെച്ചിരുന്നു. കഴിഞ്ഞ 2012 മുതല്‍ എല്ലാ ബജറ്റുകളിലും മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ സ്ഥാനം പിടിച്ചിരുന്നു. ആദ്യ ബജറ്റില്‍ ടോക്കണ്‍ തുക അനുവദിച്ചു. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ പ്രഥമ പരിഗണന ലഭിച്ച പ്രദേശമാണ് മഞ്ചേരി. സ്റ്റേഷന്‍ സ്ഥാപിക്കന്‍ സ്ഥലം കണ്ടെത്തേണ്ട ചുമതലയില്‍ നിന്നു നഗരസഭക്കും പിന്‍മാറാനാവില്ല.
ബജറ്റില്‍ മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചതിനെ തുടര്‍ന്ന് 15 ഓളം ഏക്കര്‍ സ്ഥലമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ടെക്‌നിക്കല്‍ സ്‌കൂള്‍ വളപ്പില്‍ 50 സെന്റ് ഭൂമി നല്‍കുമെന്ന കത്ത് അഡ്വ. എം ഉമര്‍ എം എല്‍ എ സര്‍ക്കാരിനു കൈമാറിയിരുന്നു. എന്നാല്‍ പി ടി എ കമ്മിറ്റിയില്‍ ഭൂമി വിവാദം കത്തിപ്പടരുകയായിരുന്നു. ആരും ക്യാമ്പസില്‍ ഭൂമി മോഹിക്കേണ്ടെന്ന അധികൃതരുടെ കടുത്ത നിലപാടില്‍ എം എല്‍ എ ചൊടിച്ചു നില്‍ക്കുകയാണ്.
റവന്യ, പൊതു മരാമത്ത്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ്, പോസ്റ്റല്‍ വകുപ്പുകള്‍ക്കെല്ലാം മഞ്ചേരിയില്‍ സ്ഥലമുണ്ടെങ്കിലും പല സ്ഥാപനങ്ങളും സ്വകാര്യ കെട്ടിടങ്ങളില്‍ വന്‍ വാടക കൊടുത്ത് പ്രവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളത്. കോടതി, താലൂക്ക് ഓഫീസ്, എക്‌സൈസ് റൈഞ്ച് ഓഫീസ് തുടങ്ങി പല ഓഫീസുകളും ചോര്‍ന്നൊലിക്കുന്നു. ഏറെ കാലത്തെ മുറവിളിക്കൊടുവില്‍ ജില്ലാ കോടതി കെട്ടിട സമുച്ചയത്തില്‍ പുതിയ ഏഴുനില കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി എന്നീ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം. കച്ചേരിപ്പടിയില്‍ തന്നെ രണ്ട് കോടതികള്‍ക്കും വാടക കെട്ടിടം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
നിലവില്‍ മലപ്പുറം, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലായി ആറ് ഫയര്‍ സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇവയില്‍ തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ മാത്രമെ അഗ്നിശമന സേനാ വിഭാഗത്തിനു സ്വന്തമായി കെട്ടിടമുള്ളൂ. കരിപ്പൂരിലുളളത് എയര്‍പോര്‍ട്ട് അതോറിറ്റിയുടേതാണ്. ദേശീയപാതയില്‍ കൂരിയാടിന് സമീപം കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശമുണ്ട്. രണ്ടു വര്‍ഷം മുമ്പുള്ളതാണ് ഈ നിര്‍ദേശം.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറിന്റെ കാലത്ത് വളാഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷന്‍ വരുമെന്ന് മന്ത്രി കൊടിയേരി പ്രഖ്യാപിച്ചിരുന്നു. കഞ്ഞിപ്പുരയില്‍ ഇതിനായി സ്ഥലം കണ്ടെത്തി. രേഖ കൈമാറുകയും ചെയ്തു കാത്തിരിക്കുകയാണ്. പലതിനും ഭൂമി സൗജന്യമായി നല്‍കിയ മഞ്ചേരിയിലെ ഭൂവുടമകള്‍ അകന്നു നില്‍ക്കുന്നു.