കോഴിഫാം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Posted on: June 25, 2015 5:21 am | Last updated: June 25, 2015 at 2:22 pm

വടക്കാഞ്ചേരി: ജനജീവിതം ദുരിതമാക്കുന്ന കോഴിഫാം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തെക്കുംകര പഞ്ചായത്തിലെ പറമ്പായി വാര്‍ഡിലെ വെടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോഴി ഫാമിനെതിരെയാണ് പരിസരവാസികള്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കോഴി ഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്വാസം മുട്ടലും, ചൊറിച്ചലും, കണ്ണിനു വേദനയും അനുഭവപ്പെടുന്നതായി സമീപവാസികള്‍ പറയുന്നു. സമീപത്തെ ജലസ്രോതസ്സും മലിനമായിരിക്കുകയാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. രണ്ട് ഷെഡുകള്‍ക്ക് മാത്രം പഞ്ചായത്ത് അനുമതി നല്‍കിയിരുന്നുള്ളൂവെങ്കിലും അനധികൃതമായി നിരവധി ഷെഡ്ഡുകള്‍ നിര്‍മിച്ച് ആയിരക്കണക്കിന് കോഴികളെയാണ് വളര്‍ത്തികൊണ്ടിരിക്കുന്നത്. അധികൃതരെ തെറ്റിദ്ധരിപ്പിച്ചും പണവും സ്വാധീനവും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അവണൂര്‍ വരടിയം സ്വദേശി സിനിമുരളിയുടെ കോഴിഫാം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തെക്കുംകര പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കയിതായി രജനി രാജപ്പന്‍ അറിയിച്ചു.