Connect with us

Kozhikode

നരിക്കുനിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Published

|

Last Updated

നരിക്കുനി: അനധികൃത പാര്‍ക്കിംഗ് കാരണം നരിക്കുനി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വാഹനങ്ങളുടെ വര്‍ധനക്കനുസരിച്ച് റോഡ് വികസിക്കാത്തതും സുഗമമായ ഗതാഗതത്തിന് ആവശ്യമായ പരിഷ്‌കരണം നടത്താത്തതുമാണ് പ്രശ്‌നമാകുന്നത്. നരിക്കുനി അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ബൈപ്പാസിന്റെ നടപടി ക്രമങ്ങള്‍ ഫയലിലൊതുങ്ങുകയാണ്.
ഓരോ ദിവസവും ഏറെ നേരമാണ് ഗതാഗതം സ്തംഭിക്കുന്നത്. റോഡില്‍ നിര്‍ത്തിയിട്ട് ചരക്കിറക്കുന്ന ലോറികളും റോഡിന്റെ ഇരുഭാഗങ്ങളിലും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങളും തെരുവുകച്ചവടക്കാരും മറ്റു വാഹനങ്ങളുടെ യാത്ര തടസപ്പെടുത്തുകയും ഇതു വഴി ഗതാഗതസ്തംഭനത്തിനും കാരണമാകുകയാണ്. റോഡില്‍ അലക്ഷ്യമായി വാഹനം നിര്‍ത്തിയിട്ട് മണിക്കൂറുകളോളം ഷോപ്പിംഗിനിറങ്ങുന്നവര്‍ മറ്റുള്ളവരുടെ യാത്രാക്കുരുക്ക് ശ്രദ്ധിക്കുന്നേയില്ല. വീതി കുറഞ്ഞ പൂനൂര്‍ റോഡ് ജംഗ്ഷനും കുമാരസ്വാമി റോഡ് ജംഗ്ഷനും ഗതാഗത് തടസ്സത്തിന് കാരണമാകുന്നുണ്ട്.
നന്മണ്ട – നരിക്കുനി റോഡ് കാപ്പാട് – തുഷാരഗിരി സംസ്ഥാനപാതയുടെ ഭാഗമാണ്. നരിക്കുനി – പൂനൂര്‍ റോഡും നന്മണ്ട -നരിക്കുനി റോഡും നരിക്കുനി -പടനിലം റോഡും ബി എം ആന്‍ഡ് ബി സി ടാറിംഗ് നടത്തുകയും യാത്ര സുഗമമാകുകയും ചെയ്തതോടെ നരിക്കുനി വഴി പോകുന്ന വാഹനങ്ങളുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുമുണ്ട്.
ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ബൈപ്പാസ് എങ്ങുമെത്താതെ കിടക്കുന്നതും പ്രശ്‌നമാകുകയാണ്.