Connect with us

Malappuram

വട്ടപ്പാറ വളവ് നാറ്റ്പാക്ക് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

Published

|

Last Updated

വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി വട്ടപ്പാറയിലെ അപകടങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനായി ഉന്നതലതല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. നാറ്റ്പാക്ക് ഉദ്യോഗസ്ഥരാണ് പ്രാരംഭ നടപടികളുടെ ഭാഗമായി സര്‍വേ ആരംഭിച്ചത്.
കേരളത്തിലെ അറിയപ്പെടുന്ന അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ വളവില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ടാങ്കര്‍ ലോറികള്‍ മറിയുന്നതും അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്നതും നിത്യ സംഭവമായതോടെയാണ് ഉന്നത തലങ്ങളില്‍ നിന്ന് ഇടപെടലുകള്‍ ഉണ്ടായത്. ഇതിന്റെ ഭാഗമായി വട്ടപ്പാറയിലെ പ്രധാന വളവു നിവര്‍ത്തി അപകടങ്ങള്‍ കുറക്കാമെന്ന വിലയിരുത്തലാണ് ഉണ്ടായത്.
അപകട വളവ് നിവര്‍ത്തുന്നതോടെ അപകടങ്ങള്‍ക്ക് അയവ് വരുത്താനാവും. ദിനംപ്രതി ആയിരത്തിലധികം വലിയ വാഹനങ്ങള്‍ മാത്രം വട്ടപ്പാറയിലൂടെ കടന്നുപോകുന്നത്. റോഡിന്റെ അശാസ്ത്രീയതക്ക് പരിഹാരം കണ്ട് മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകും. ഇതിന്റെ ഭാഗമായുള്ള പ്രാരംഭ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനിടെയാണ് നാറ്റ്പാക്ക് ഉദ്യോഗസ്ഥര്‍ വട്ടപ്പാറയില്‍ എത്തിയത്. ഒരാഴ്ചക്കുള്ളില്‍ സര്‍വേ റിപ്പോര്‍ട്ട് പി ഡബ്ല്യൂഡിക്ക് കൈമാറും.
ശേഷമായിരിക്കും വട്ടപ്പാറയില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുക. സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍വേക്ക് നേതൃത്വം നല്‍കുന്ന സൈന്റിസ്റ്റ് വി എസ് സഞ്ജയ്കുമാര്‍ പറഞ്ഞു. സൈന്റിസ്റ്റുകളായ കെ സി വില്‍സണ്‍, ചന്ദ്രപ്രതാപ്, ടെക്‌നിക്കല്‍ ഓഫീസര്‍ സുരേന്ദ്രന്‍പിള്ള, എ ഇ ഹരിപ്രസാദ്, കെ പി ഖദീജ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.