മുസ്തഫിസുര്‍ ലോക റെക്കോര്‍ഡിനൊപ്പം

Posted on: June 24, 2015 8:05 pm | Last updated: June 24, 2015 at 8:06 pm
musthafir rahman
മുസ്തഫിസുര്‍ റഹ്മാന്‍

മിര്‍പൂര്‍: ബംഗ്ലാദേശിന്റെ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ വീണ്ടും റെക്കോര്‍ഡിലൂടെ മാധ്യമങ്ങളില്‍ നിറയുകയാണ്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ 11 വിക്കറ്റുകള്‍ നേടി റെക്കോര്‍ഡിട്ട മുസ്തഫിസുര്‍ മൂന്നാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയതോടെ വീണ്ടുമൊരു റെക്കോര്‍ഡിനൊപ്പമെത്തി. പരമ്പരയിലാകെ 13 വിക്കറ്റുകള്‍ വീഴ്ത്തിയ മുസ്തഫിസുര്‍ മൂന്ന് മത്സര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോര്‍ഡിനൊപ്പമാണ് എത്തിയത്.

ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ റയാന്‍ ഹാരിസാണ് റെക്കോര്‍ഡ് നേട്ടത്തില്‍ മുസ്തഫിസുറിന്റെ മുന്‍ഗാമി. ഹാരിസിന്റെ നേട്ടം അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായിരുന്നുവെങ്കില്‍ മുസ്തഫിസുറിന്റെ നേട്ടം മൂന്ന് മത്സര പരമ്പരയിലാണെന്ന വ്യത്യാസമുണ്ട്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി അരങ്ങേറ്റം ഗംഭീരമാക്കിയ മുസ്തഫിസുര്‍ രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റ് നേടി ചരിത്രം കുറിച്ചിരുന്നു.

അരങ്ങേറ്റത്തിലെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടമായിരുന്നു രണ്ടാം ഏകദിനത്തില്‍ മുസ്തഫിസുര്‍ കൈവരിച്ചത്. ഇപ്പോഴിതാ മൂന്ന് മത്സര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന റെക്കോര്‍ഡിനൊപ്പവും മുസ്തഫിസുര്‍ എത്തിയിരിക്കുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സുരേഷ് റെയ്‌നയെ പുറത്താക്കിയത് മുസ്തഫിസുറായിരുന്നു.