സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തും: മന്ത്രി

Posted on: June 24, 2015 5:46 am | Last updated: June 23, 2015 at 11:47 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ 142 ഡോക്ടര്‍മാര്‍ ജൂലൈ ആദ്യവാരം സര്‍വീസില്‍ പ്രവേശിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഇവര്‍ക്ക് പുറമെ 47 കൂടി നിയമിക്കുന്നതിനുള്ള പി എസ് സി കൗണ്‍സിലിംഗ് ജൂലൈ നാലിന് നടക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയമനം ലഭിച്ച അവസരത്തില്‍, പി ജി പഠനം തുടരുന്നവരെയുള്‍പ്പെടെയുള്ള ഡോക്ടര്‍മാരാണ് ആശുപത്രികളിലെത്തുക. നാലിന് നടക്കുന്ന പി എസ് സി കൗണ്‍സിലിംഗ് കഴിഞ്ഞാലുടന്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി, ഈയിടെയുണ്ടായ 20 ഒഴിവുകളും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യും.
അനുവദിക്കപ്പെട്ട തസ്തികകളില്‍ കുറവുണ്ടാകാത്തവിധം, അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുതിന് ഡി എം ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ എച്ച് എം മുഖേന അധിക ഡോക്ടര്‍മാരുടെ സേവനവും ആവശ്യമുള്ളിടങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഉപരിപഠനം, കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാതിരിക്കല്‍ മുതലായ കാരണങ്ങളാല്‍ പി എസ് സി അഡൈ്വസ് ലഭിക്കുന്ന ഡോക്ടര്‍മാരില്‍ 30 ശതമാനത്തോളം മാത്രമാണ് സര്‍വീസിലെത്തുന്നത്. ഇത് ഒട്ടേറെ വര്‍ഷങ്ങളായി ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരം കാണാന്‍, വരാനിരിക്കുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാറുള്ളതെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍, ഡോക്ടര്‍മാര്‍ ലീവില്‍ പോയതുകൊണ്ട് ഉണ്ടായ ഒഴിവുകളിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തിയിട്ടുണ്ട്. ലീവില്‍ പോകുന്ന ഒഴിവുകളിലേക്ക് പി എസ് സി വഴി നിയമനം നടത്താനാകാത്തത് പ്രയാസംമുണ്ടെന്ന് മന്ത്രി അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍ സ്ഥിരീകരിച്ച, കാലാ അസാര്‍ രോഗബാധയെക്കുറിച്ച് ഒറ്റപ്പെട്ട സംഭവമായതിനാല്‍ ആശങ്കവേണ്ടെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച ഇന്റര്‍സെക്ടറല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മഴക്കാലരോഗങ്ങള്‍ക്കുള്ള മരുന്നും ചികിത്സാസൗകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസീസ് എപ്പിഡെമിക് കണ്‍ട്രോള്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. തോട്ടം മേഖലയും അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച്, ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്കരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താനും നല്‍കി. പകര്‍ച്ചവ്യാധികള്‍ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. എസ് ജയശങ്കര്‍, അഡിഷനല്‍ ഡയറക്ടര്‍ ഡോ. ആര്‍ രമേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി, അഡിഷണല്‍ ഡി എം ഒ ഡോ. ജോസ് ഡിക്രൂസ് പങ്കെടുത്തു.