ലിബിയന്‍ തീരത്ത് നിന്ന് ആയിരം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി

Posted on: June 24, 2015 5:32 am | Last updated: June 23, 2015 at 11:32 pm

ട്രിപ്പോളി: ലിബിയന്‍ തീരത്തെ ചെറു ബോട്ടുകളില്‍നിന്നും 1,000ത്തോളം കുടിയേറ്റക്കാരെ നോര്‍വേയുടെയും ഡെന്‍മാര്‍ക്കിന്റെയും കപ്പലുകള്‍ രക്ഷപ്പെടുത്തി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ വടക്കന്‍ തീരത്തുനിന്നും രണ്ട് മര ബോട്ടുകളിലുണ്ടായിരുന്ന 671 പേരെ താന്‍ കരയിലെത്തിച്ചതായി നോര്‍വീജിയന്‍ കപ്പലിന്റെ ക്യാപ്റ്റന്‍ സ്‌വീന്‍ കവാലവാഗ് പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ 99 കുടിയേറ്റക്കാരെ റഷ്യന്‍ ടാങ്കര്‍ സിസിലിയിലെത്തിച്ചിരുന്നു. രക്ഷപ്പെടുത്തിയ 770 പേരില്‍ 140 പേര്‍ സ്ത്രീകളാണ്. ഇതില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളുമായിരുന്നു. ഇവരെക്കൂടാതെ 45കുട്ടികളും ബോട്ടുകളിലുണ്ടായിരുന്നു. ഇവരെയെല്ലാം ദക്ഷിണ ഇറ്റലിയിലെ ദ്വീപായ സിസിലിയിലെത്തിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അറിയിപ്പിനെത്തുടര്‍ന്നാണ് സിംഗപ്പൂര്‍ ടാങ്കര്‍ രക്ഷക്കെത്തിയതെന്ന് ഡെന്‍മാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വക്താവ് ജെസ്പര്‍ ജെന്‍സണ്‍ പറഞ്ഞു. ബോട്ടുകളില്‍നിന്നും രക്ഷപ്പെടുത്തിയ കുടിയേറ്റക്കാര്‍ക്ക് ഭക്ഷണവും വെള്ളവും പുതപ്പുകളും നല്‍കി ദക്ഷിണ ഇറ്റലിയിലെ കലാബ്രിയയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. ഇറ്റലിയിലേക്കും ഗ്രീസിലേക്കും കുടിയേറാനായി ആയിരക്കണക്കിന് പേരാണ് മെഡിറ്ററേനിയന്‍ കടലിലൂടെ അപകടകരമാംവിധം യാത്ര ചെയ്യുന്നത്. ഇത്തരത്തില്‍ യാത്ര ചെയ്ത 2,000ത്തോളം പേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്.