വ്യക്തികളുടെ വിശ്വാസമോ മതമോ അടിസ്ഥാനപ്പെടുത്തി വേട്ടയാടുന്നത് അനുവദിക്കില്ല: ഒബാമ

Posted on: June 23, 2015 11:16 pm | Last updated: June 23, 2015 at 11:16 pm

obamaവാഷിംഗ്ടണ്‍: ഏതെങ്കിലും പ്രത്യേക മതത്തിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനെ അമേരിക്ക അനുകൂലിക്കുന്നില്ലെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസില്‍ നടത്തിയ വിശുദ്ധ റമസാനോടനുബന്ധിച്ചുള്ള പരമ്പരാഗത നോമ്പ് തുറക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം രാജ്യങ്ങളിലെ പ്രതിനിധികള്‍, അമേരിക്കയിലെ ഉന്നത മുസ്‌ലിം നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
രാജ്യത്തിന്റെ മൂല്യങ്ങള്‍ ഭീഷണി നേരിടുമ്പോള്‍ ഒറ്റക്കെട്ടായി രാജ്യം അതിനെ നേരിടും. ഈ വര്‍ഷമാദ്യം ചാപ്പല്‍ ഹിലില്‍ മൂന്ന് മുസ്‌ലിം അമേരിക്കന്‍ വിദ്യാര്‍ഥികള്‍ അതിക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അമേരിക്കന്‍ ജനത മുഴുവന്‍ ഈ സമുദായത്തോടൊപ്പമായിരുന്നു. വ്യക്തികളെ നോക്കിയോ, അവരുടെ വിശ്വാസം, സ്‌നേഹം, താത്പര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയോ ആരെയെങ്കിലും വേട്ടയാടുന്നതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്യും. ലോകത്താകെയുള്ള മുസ്‌ലിംകള്‍ ആചരിക്കുന്ന വിശുദ്ധ റംസാന്റെ പരിശുദ്ധിയെ അംഗീകരിക്കുന്ന പ്രവര്‍ത്തനമാണ് വൈറ്റ് ഹൗസില്‍ നടത്തുന്ന ഇഫ്താര്‍. ഈ ഇഫ്താര്‍ സംഗമം അമേരിക്കയിലെ മതസ്വാതന്ത്ര്യം വ്യക്തമാക്കുന്നതാണ്. തെറ്റിദ്ധാരണകളെ ഒന്നായി എതിര്‍ത്തു തോല്‍പ്പിക്കാന്‍ സാധിക്കും. അനീതികളും സംഘര്‍ഷങ്ങളും അതിജീവിച്ച് മുന്നേറാനും കഴിയും. വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികൊണ്ടാണ് ഇത് സാധ്യമാകുക. ഖുര്‍ആന്‍ പഠിപ്പിക്കുന്നത് പോലെ, എല്ലാ പ്രതിസന്ധി നിമിഷത്തിലും നമുക്ക് സമാധാനം കൊണ്ട് ഉത്തരം പറയാം. ഒബാമ വ്യക്തമാക്കി.