കുബേര രണ്ടാം ഘട്ടം തുടങ്ങുമ്പോള്‍

Posted on: June 23, 2015 6:00 am | Last updated: June 23, 2015 at 1:20 pm

SIRAJ.......വലിയ കൊട്ടിഘോഷത്തോടെയാണ് കഴിഞ്ഞ വര്‍ഷം ഓപറേഷന്‍ കുബേര തുടങ്ങിയത്. ഇതിന്റെ ഭാഗമായി ചിട്ടി സ്ഥാപനങ്ങളില്‍ റെയ്ഡും അറസ്റ്റുമൊക്കെ നടന്നു. എന്നാല്‍ ബ്ലേഡ്മാഫിയ ഇപ്പോഴും സജീവമാണെന്നാണ് ആലപ്പുഴയിലെ ആത്മഹത്യയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ബാധം തുടരുന്ന മാഫിയയുടെ തേര്‍വാഴ്ചയും ബോ്യധ്യപ്പെടുത്തുന്നത്. അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ റിട്ട. ക്ലാര്‍ക്ക് എം എം അംഗദനാണ് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. പണം വിവിധയിടങ്ങളില്‍ നിന്നായി കടം വാങ്ങിയ അംഗദന്‍ ലക്ഷങ്ങള്‍ പലിശയിനത്തില്‍ തിരിച്ചടച്ചിരുന്നു. അത് പോരെന്നുപറഞ്ഞ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്നാണ് ആത്മഹത്യ. ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
രാമപുരം താമരക്കാട്ട് ജയന്റെ ഭൂമി ബ്ലേഡ്മാഫിയ കൈയേറിയത് രണ്ട് മാസം മുമ്പാണ്. 10 സെന്റ് ഭൂമിയുടെ ഈടില്‍ ലാല്‍കുമാര്‍ എന്ന ബ്ലേഡ് സ്ഥാപനത്തില്‍ നിന്ന് പല തവണയായി നാല് ലക്ഷത്തോളം വാങ്ങിയ കടത്തിന് അഞ്ചര ലക്ഷം രൂപ പലിശയിനത്തില്‍ ജയന്‍ തിരിച്ചുനല്‍കിയിട്ടുണ്ട്. അതിനിടെ പിതാവിന്റെയും മകന്റെയും രോഗത്തെതുടര്‍ന്ന് പലിശ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചപ്പോള്‍ ഗുണ്ടകളെയുമായി വന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അയാളുടെ ഭൂമി കൈയേറിയത്. പലിശക്ക് വാങ്ങിയ പണം തിരികെ നല്‍കുന്നതിന് അവധി പറഞ്ഞതിന്റെ പേരില്‍ ബ്ലേഡ്മാഫിയ യുവാവിനെ മര്‍ദിച്ചതും രാമപുരത്തായിരുന്നു.
തിരുവനന്തപുരത്ത് ബ്ലേഡ്മാഫിയയുടെ ഭീഷണി മൂലമുണ്ടായ ഒരു കുടുംബത്തിന്റെ ആത്മഹത്യക്ക് പിന്നാലെ കഴിഞ്ഞ മെയില്‍ തുടങ്ങിയ ഓപറേഷന്‍ കുബേരയുടെ വീര്യം ചോര്‍ന്നതോടെയാണ് മാഫിയ പൂര്‍വാധികം ശക്തിയോടെ രംഗത്തുവന്നത്. കഴിഞ്ഞ മാസം വേനല്‍ മഴയിലുണ്ടായ വ്യാപകമായ കൃഷിനാശം അവസരമാക്കി മലയോര മേഖലകളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബ്ലേഡ് മാഫിയ സജീവമായിട്ടുണ്ട്.
ഓപറഷന്‍ കുബേരയുടെ പേരില്‍ നടന്ന നടപടികള്‍ തന്നെ പ്രഹസനമായിരുന്നു പലയിടത്തും. പോലീസ് റെയ്ഡിന് പുറപ്പെടുമ്പോള്‍ തന്നെ വിവരം സ്ഥാപനങ്ങളിലെത്തുകയും രേഖകള്‍ അപ്രത്യക്ഷമാകുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും. വന്‍ തുക കൈക്കൂലി വാങ്ങി പിടിയിലായ പല പ്രമുഖരെയും കേസില്‍ നിന്നൊഴിവാക്കിയതായും പരാതിയുണ്ട്.രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലമുള്ളവരാണ് മിക്ക ബ്ലേഡ് മാഫിയാ സംഘങ്ങളും സ്ഥാപനങ്ങളും. കുപ്രസിദ്ധ ബ്ലേഡ്മാഫിയ തലവന്‍ മാലം സുരേഷിനെ പോലീസ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ലിസ്റ്റില്‍ നിന്ന് നിന്ന് അയാളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയത് ക്യാബിനറ്റ് പദവിയിലിരുന്ന തെക്കന്‍ കേരളത്തിലെ പ്രമുഖനായ ഒരു രാഷട്രീയ നേതാവായിരുന്നു. പൊലീസുമായി ബ്ലേഡുകാര്‍ക്ക് ഉള്ള ബന്ധം രഹസ്യമല്ല. പിടിയിലായാല്‍ തന്നെ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് ബ്ലേഡുകാര്‍ക്കെതിരെ മിക്കയിടത്തും കേസെടുത്തിരുന്നത്. റെയ്ഡുകള്‍ വന്‍കിടക്കാരെ ഒഴിവാക്കി ചെറുകിട സ്ഥാപനങ്ങളില്‍ മാത്രവും.
സ്ഥലത്തിന്റെ ആധാരം, ഒപ്പിട്ട ചെക്കുകള്‍, ഒപ്പിട്ട പൂരിപ്പിക്കാത്ത മുദ്രപ്പത്രം, വെള്ളക്കടലാസില്‍ സ്റ്റാമ്പ് പതിച്ച രേഖ, വാഹനങ്ങളുടെ ആര്‍സി ബുക്ക്, ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ വാങ്ങിവെച്ചാണ് ബ്ലേഡ് സംഘങ്ങള്‍ പണം നല്‍കുന്നത്. പലപ്പോഴും നേരത്തെ പറഞ്ഞുറപ്പിച്ച തുക മടക്കി കൊടുത്താലും അവര്‍ രേഖകള്‍ തിരികെ നല്‍കില്ല. ഈ രേഖകള്‍ വെച്ചു ഇരകളില്‍ നിന്ന് പിന്നെയും പരമാവധി പിഴിഞ്ഞെടുക്കം. മാഫിയയുടെ വലയില്‍ കുടുങ്ങി വീടും സ്ഥലവും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ഇടപാടുകാരായ സ്ത്രീകളുടെ മാനം കവര്‍ന്നതും അവരെ വാണിഭത്തിനിരയാക്കിയതുമായ കേസുകളുമുണ്ട്. പരാതിപ്പെട്ടാല്‍ ഗുണ്ടാസംഘങ്ങളുമായി വന്നു തേര്‍വാഴ്ച നടത്തുകയും ചെയ്യും.
ആലപ്പുഴയിലെ ആത്മഹത്യയെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുകയും ഓപറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയുമാണ്. കൊള്ളപ്പലിശക്കും അനധികൃത ചിട്ടിക്കമ്പനികള്‍ക്കുമെതിരെ കൂടുതല്‍ കര്‍ക്കശമായ നടപടി സ്വീകരിക്കാനും എല്ലാ ജില്ലകളിലും എസ് പിമാരുടെ മേല്‍നോട്ടത്തില്‍ റെയ്ഡുകള്‍ പുനഃരാരംഭിക്കാനുമാണ് തീരുമാനം. രാഷ്ട്രീയ നേതൃത്വങ്ങളുമായും പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബ്ലേഡ് മാഫിയയുടെ അവിശുദ്ധ കൂട്ടുകെട്ട് തുടരുന്ന കാലത്തോളം ഇത്തരം നീക്കങ്ങള്‍ പ്രഹസനങ്ങളായിത്തീരുകയേ ഉള്ളൂ. ബ്ലേഡ് മാഫിയയെ തുണക്കുന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബിക്കെതിരെയാണ് ഇനി ഓപറേഷന്‍ പ്രഖ്യാപിക്കേണ്ടത്.