യോഗ ദിനാചരണത്തിന് തുടക്കം

Posted on: June 21, 2015 11:02 pm | Last updated: June 21, 2015 at 11:02 pm

The Prime Minister, Shri Narendra Modi participates in the mass yoga demonstration at Rajpath on the occasion of International Yoga Day, in New Delhi on June 21, 2015.

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കം കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗാ പരിശീലനം നടന്നു. 191 രാജ്യങ്ങളിലായി 251 നഗരങ്ങളില്‍ ചെറുതും വലുതുമായ യോഗാചരണങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ന്യൂഡല്‍ഹിയി ല്‍ രാജ്പഥില്‍ നടന്ന മെഗാ യോഗാ പരിശീലനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. 35,000ത്തിലധികം പേര്‍ രാജ്പഥില്‍ വിരിച്ച പച്ചപ്പരവതാനിയില്‍ യോഗ ചെയ്യാനെത്തിയെന്നാണ് സംഘാടകര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, സൈനികര്‍, വീട്ടമ്മമാര്‍ അടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ 35 മിനുട്ട് യോഗാ പരിശീലനത്തില്‍ പങ്കെടുത്തു.

ത്രിവര്‍ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമണിഞ്ഞെത്തിയ നരേന്ദ്ര മോദി വജ്രാസനം, പത്മാസനം എന്നിവ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലിച്ചു. യോഗാദിനം സമാധാനത്തിന്റെ പുതുദിനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്പഥില്‍ കനത്ത സുരക്ഷയോടെയാണ് യോഗാ ദിനം ആചരിച്ചത്. രാവിലെ ഏഴ് മുതല്‍ ആരംഭിച്ച യോഗാ പരിശീലനം ലോക റെക്കോര്‍ഡ് പട്ടികയില്‍ വരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യോഗ ചെയ്തതിന് ഗിന്നസ് ബുക്കില്‍ ഇടം നോടുമെന്നാണ് പ്രതീക്ഷ.