നിര്‍ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിനെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതി പരിഗണനയില്‍

Posted on: June 20, 2015 10:11 am | Last updated: June 20, 2015 at 10:11 am

പൊന്നാനി: സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിനെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതി സര്‍ക്കാര്‍ പരിഗണനയില്‍. മലബാര്‍, തിരുപ്പൂര്‍ മേഖലയില്‍ നിന്നുളള ചരക്കു നീക്കത്തിന്റെ ഇടത്താവളമായി പൊന്നാനി പോര്‍ട്ടിനെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ മേഖലയില്‍ നിന്ന് വിഴിഞ്ഞത്തേക്കും ഇവിടെ നിന്ന് തിരിച്ചും കയറ്റുമതിയും ഇറക്കുമതിയും ചെയ്യേണ്ടവ പൊന്നാനി തുറമുഖത്തു നിന്നുളള ചെറിയ കപ്പലുകളുടെ സഹായത്തോടെ കൊണ്ടുപോകുന്നത് ഗുണകരമാകുമെന്ന കണ്ടെത്തലാണ് തുറമുഖ വകുപ്പിനുള്ളത്.
പൊന്നാനി കാര്‍ഗോ പോര്‍ട്ടിനെ മലബാര്‍, തിരുപ്പൂര്‍ മേഖലയിലെ വ്യാപാര കേന്ദ്രങ്ങളാണ്പ്രധാനമായും ആശ്രയിക്കുക. ഇവിടെ നിന്നുളള ചരക്കുകള്‍ വിഴിഞ്ഞത്തെ മദര്‍ കപ്പലുകളിലേക്കെത്തിക്കാന്‍ പൊന്നാനി തുറമുഖത്തു നിന്നുളള ചെറിയ കപ്പലുകളെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. മദര്‍ കപ്പലുകളില്‍ വിഴിഞ്ഞത്തെത്തുന്ന ചരക്കുകള്‍ മലബാര്‍, തിരുപ്പൂര്‍ മേഖലയിലേക്ക് കൊണ്ടുപോകാനും പൊന്നാനിയെ ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് ആലോചിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരേ സമയം ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കു നീക്കത്തിന് വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ കപ്പലുകളുടെ വന്നുപോക്കിന് പൊന്നാനി തുറമുഖത്ത് സൗകര്യമൊരുക്കാന്‍ നിര്‍മാണ നടത്തിപ്പ് ചുമതലക്കാരായ ചെന്നൈ മലബാര്‍ പോര്‍ട്സിനോട് സര്‍ക്കാര്‍ ആവശ്യപ്പെടും. ആഗസ്റ്റ് പകുതിയോടെ പൊന്നാനി തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പുതിയ വിവരം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ പൊന്നാനി കാര്‍ഗോ പോര്‍ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് പദ്ധതിയുടെ സാക്ഷാത്കാരം സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പദ്ധതിയുമായി അതിവേഗം മുന്നോട്ട് പോകുമെന്ന് സര്‍ക്കാരുംമലബാര്‍ പോര്‍ട്സും വ്യക്തമാക്കിയതോടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുകയായിരുന്നു.
തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 750 കോടി രൂപയുടെ അനുമതിയാണ് നേരത്തെ സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാലിത് ആയിരം കോടിയായി വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും ഇത്രതന്നെ തുകയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
പദ്ധതിക്കുവേണ്ടി മുപ്പതുവര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയ 29.5 ഏക്കര്‍ ഭൂമിയുടെ നിലവിലെ കമ്പോള വില സര്‍ക്കാര്‍ ഓഹരിയായി നിശ്ചയിച്ച് പദ്ധതിയില്‍ നിക്ഷേപിക്കാനാണ് തീരുമാനിച്ചിട്ടുളളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് പൊന്നാനി കടപ്പുറത്തെ കാറ്റാടിമരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും മത്സ്യസംസ്‌കരണ കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനും ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിട്ടുണ്ട്.