പട്ടയമേള; വിതരണം ചെയ്തത് 554 എണ്ണം

Posted on: June 20, 2015 10:09 am | Last updated: June 20, 2015 at 10:09 am

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് സംഘടിപ്പിച്ച പട്ടയമേളയില്‍ വിവിധയിനങ്ങളിലായി 554 പട്ടയങ്ങള്‍ മന്ത്രി അടൂര്‍ പ്രകാശ് വിതരണം ചെയ്തു. വര്‍ഷങ്ങളായി ചാത്തമംഗലം ഈഗിള്‍ പ്ലാന്റേഷനില്‍ കുടില്‍കെട്ടി താമസിച്ചുവന്നിരുന്ന 48 പേര്‍ക്കും താമരശ്ശേരി താലൂക്കിലെ അസൈന്‍മെന്റ് പട്ടയമായി 22 പേര്‍ക്കും വടകര, കൊയിലാണ്ടി താലൂക്കിലെ നാല് സെന്റ് കോളനി പട്ടയമായി 18 പേര്‍ക്കും ദേവസ്വം പട്ടയമായി 66 പേര്‍ക്കും ലാന്റ് ട്രൈബ്യൂനല്‍ പട്ടയമായി 400 പേര്‍ക്കുമാണ് പട്ടയം അനുവദിച്ചത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥനത്ത് 1,17,978 പട്ടയങ്ങള്‍ വിതരണം ചെയ്തതതായി റവന്യൂ മന്ത്രി പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കും ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയവും നല്‍കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പാവപ്പെട്ടവര്‍ക്ക് കിടപ്പാടമുണ്ടാക്കാന്‍ ഒരു തുണ്ട് ഭൂമി കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ഭൂപ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാനും സേവനങ്ങള്‍ കാര്യക്ഷമമാക്കാനും ആവിഷ്‌കരിച്ച ഇ പോക്കുവരവ് നടത്തുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ ഇത് ഓണ്‍ലൈന്‍ വഴിയാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വ്യാപകമായി നടത്തിയ റവന്യൂ സര്‍വേ അദാലത്തുകളിലൂടെ 4,73,528 പരാതികള്‍ ലഭിച്ചു. ജീവനക്കാരുടെ മികച്ച രീതിയിലുള്ള പരിശ്രമത്തിലൂടെ ഇവയില്‍ 3,53,000 പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിച്ചു. സി മോയിന്‍കുട്ടി എം എല്‍ എ, അഡ്വ. പി ടി എ റഹീം എം എല്‍ എ, വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, കൗണ്‍സിലര്‍ കെ സത്യനാഥന്‍, കെ സി ബാബു, കെ പി രാജന്‍, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, എ ഡി എം കെ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ എം വിശ്വനാഥന്‍ സംസാരിച്ചു.