ഫറോക്ക്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി: കരട് വിജ്ഞാപനമായി

Posted on: June 20, 2015 12:44 am | Last updated: June 20, 2015 at 12:44 am

തിരുവനന്തപുരം: 2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി കോഴിക്കോട് ജില്ലയില്‍ പുതുതായി രൂപവത്കരിക്കുന്ന ഫറോക്ക് മുനിസിപ്പാലിറ്റിയുടെയും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, നെടിയിരുപ്പ് ഗ്രാമ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് രൂപവത്കരിക്കുന്ന കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെയും വാര്‍ഡ് വിഭജന കരട് വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചു. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയെ 40 വാര്‍ഡുകളായും ഫറോക്ക് മുനിസിപ്പാലിറ്റിയെ 38 വാര്‍ഡുകളായും വിഭജിക്കുന്നതിനുളള കരട് വിജ്ഞാപനം ഈ മാസം 17 ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് അംഗീകരിച്ചത്.
കരട് വിജ്ഞാപനത്തിന്‍മേലുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് ജൂലൈ രണ്ടിന് അഞ്ച് മണിക്കകം കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. കരട് വിജ്ഞാപനം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഔദ്യോഗിക വിലാസം: സെക്രട്ടറി, സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍, മൂന്നാം നില, ചൈല്‍ഡ് വെല്‍ഫെയര്‍ കോംപ്ലക്‌സ്, എല്‍.എം.എസ്. കോമ്പൗണ്ട്, പാളയം, തിരുവനന്തപുരം – 695 033, ഫോണ്‍: 0471 2720450. വെബ്‌സൈറ്റ്: delimitation.lsgkerala.gov.in