എസ് വൈ എസ് റിലീഫ് ഡേ 26ന്‌

    Posted on: June 20, 2015 5:21 am | Last updated: June 19, 2015 at 11:22 pm

    sysFLAGകോഴിക്കോട്: സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള എസ് വൈ എസ് സാന്ത്വന നിധി ഈ മാസം 26ന് സ്വരൂപിക്കും. അന്നേ ദിവസം റിലീഫ് ഡേ ആചരിക്കും.
    മാരക രോഗങ്ങള്‍ക്കടിമപ്പെട്ട് കഷ്ടപ്പെടുകയും ഒരു നേരത്തെ മരുന്നിനു പോലും ഗതിയില്ലാതിരിക്കുകയും ചെയ്യുന്ന നിര്‍ധനരെ സഹായിക്കുന്നതിനും വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായി കഴിയുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുവേണ്ടിയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മറ്റ് ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിനുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി രൂപകല്‍പന ചെയ്ത സാന്ത്വനം പദ്ധതിക്കുള്ള ഫണ്ട് ശേഖരണമാണ് റിലീഫ് ഡേയില്‍ സംസ്ഥാനത്തുടനീളം നടക്കുക. വളണ്ടിയര്‍ സേവനം, ആംബുലന്‍സ് സര്‍വീസ് തുടങ്ങി വിവിധ മേഖലകളില്‍ സാന്ത്വനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ആതുര സേവനം, ഭവന നിര്‍മാണം, വിവാഹം, ആകസ്മിക ദുരന്തം എന്നിവക്കുള്ള സഹായത്തിനും സാന്ത്വന നിധി പരിഗണന നല്‍കുന്നു. സംസ്ഥാന കമ്മിറ്റി നല്‍കിയ റസീപ്റ്റും കൂപ്പണുകളുമുപയോഗിച്ചും ബക്കറ്റ് പിരിവുകളിലൂടെയും പള്ളികളും കവലകളും കേന്ദ്രീകരിച്ച് വ്യാപകമായ സമാഹരണയജ്ഞം നടക്കും.