ഒരേ കമ്പനിയില്‍ 39 വര്‍ഷം; വഹാബ് നാട്ടിലേക്ക്‌

Posted on: June 19, 2015 6:24 pm | Last updated: June 19, 2015 at 6:24 pm

abbasഅബുദാബി: ഒരേ കമ്പനിയില്‍ 39 വര്‍ഷത്തെ പൂര്‍ത്തിയാക്കിയ എം എ വഹാബ് നാട്ടിലേക്ക്. ടെബോഡിന്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് എന്ന രാജ്യാന്തര സ്ഥാപനത്തില്‍ ജോലി ചെയ്ത ചാരിതാര്‍ഥ്യത്തിലാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് ആലംകോട് സ്വദേശി വഹാബ് മടങ്ങുന്നത്. 1976ല്‍ മുംബൈയില്‍ നിന്നു കപ്പലിലായിരുന്നു ആറ് ദിവസത്തെ യാത്രക്ക് ശേഷം ദുബൈയില്‍ എത്തിയതെന്ന് വഹാബ് ഓര്‍ത്തെടുത്തു.
ആദ്യ ജോലി ഖോര്‍ഫുക്കാനിലെ നിര്‍മാണ കമ്പനിയിലായിരുന്നു. രണ്ട് മാസം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതിരുന്നതും സമീപത്തെ കാലിക്കറ്റ് റെസ്റ്റോറന്റ് ഉടമ സൗജന്യമായ ഭക്ഷണം നല്‍കിയതും വഹാബ് ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു. ബന്ധുവായ അലിയായിരുന്നു പിന്നീട് അബുദാബിയില്‍ എത്തിച്ചതും ടെബോഡില്‍ ജോലി ലഭിക്കാന്‍ നിമിത്തമായതും. ടൈപ്പ്‌റൈറ്റിംഗ് ടെസ്റ്റ് പാസായതോടെയായിരുന്നു ടെബോഡിന്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സിലെ നാലു പതിറ്റാണ്ട നീണ്ട ജോലിക്ക് തുക്കമായത്. 1976 നവംബറിലായിരുന്നു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ മാര്‍ച്ച് വരെ കമ്പനിയിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോള്‍ മടങ്ങാന്‍ ഒരുങ്ങുന്നത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനെ അബുദാബി കോര്‍ണീഷ് ഫൗണ്ടനില്‍ വെച്ച് കാണുവാന്‍ സാധിച്ചത് ജീവിതത്തിലെ ധന്യമായ അനുഭവമായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തകനും പ്രിവിലേജ് മെംബറുമാണ് വഹാബ്. സാംസ്‌കാരിക സംഘടനയായ അനോരയുടെ സീനിയര്‍ അംഗവുമാണ്.