Connect with us

International

ചൈനീസ് പ്രവിശ്യയില്‍ റമസാന്‍ വ്രത നിരോധം പ്രാബല്യത്തില്‍; കര്‍ശന പരിശോധന

Published

|

Last Updated

ബീജിംഗ്: ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാംഗില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ റമസാന്‍ വ്രതം അനുഷ്ഠിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ അധികൃതര്‍ ഇവിടങ്ങളിലെ റസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഉത്തരവിട്ടു. വിശുദ്ധ റമസാന്‍ മാസത്തില്‍ വിശ്വാസികള്‍ നോമ്പ് അനുഷ്ഠിക്കണമെന്ന ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും ചൈനീസ് ഭരണകൂടം സിന്‍ജിയാംഗില്‍ വര്‍ഷങ്ങളായി ഇതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. ഉയിഗൂര്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് ഇവിടം.
സിന്‍ജിയാംഗില്‍ ഭക്ഷണ ശാലകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റില്‍ കഴിഞ്ഞ ആഴ്ച നോട്ടീസ് പ്രത്യക്ഷപ്പെട്ടിരുന്നു. റമസാന്‍ നാളുകളില്‍ ഉപവാസം, ഉറക്കമൊഴിച്ചുള്ള അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ പാടില്ലെന്ന് പ്രാദേശിക സര്‍ക്കാറും നിര്‍ദേശിക്കുന്നു.
പ്രദേശത്ത് ഓരോ വര്‍ഷവും അധികൃതര്‍ നടപ്പിലാക്കുന്ന ഈ നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ സംഘടനകളില്‍നിന്നും കടുത്ത വിമര്‍ശത്തിനിടയാക്കാറുണ്ട്. ചൈനീസ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരെ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം മേഖലയില്‍ വംശീയ സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്ന് ഉയിഗുര്‍ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ സമീപ വര്‍ഷങ്ങളില്‍ നൂറ്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. അതേ സമയം സിന്‍ജിയാംഗില്‍നിന്നും തീവ്രവാദ ഭീഷണിയുണ്ടെന്നും അത് മത തീവ്രവാദമാണെന്നുമാണ് ചൈനയുടെ ആരോപണം.