ലളിത് മോദിക്ക് ബ്രിട്ടീഷ് യാത്രാ രേഖ: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്‌

Posted on: June 19, 2015 5:15 am | Last updated: June 19, 2015 at 12:15 am

ന്യൂഡല്‍ഹി: ഐ പി എല്‍ കുംഭകോണത്തിലെ മുഖ്യ പ്രതിയായ ലളിത് മോദിക്ക് വഴിവിട്ട് സഹായം നല്‍കിയ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജെ സി്ന്ധ്യ എന്നിവരുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ‘മൗനം’ വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുഷമയും വസുന്ദരയും രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി പോലും അസംതൃപ്തി രേഖപ്പെടുത്തിയതായി കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു. രാജ്യത്ത് ഒരു അടിയന്തരാവസ്ഥക്ക് കൂടി സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അഡ്വാനി നല്‍കിയ മറുപടി, ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തില്‍, അതിന്റെ തന്നെ ദൗര്‍ബല്യംകാരണം തനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്.
രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത് തന്റെ അനുമതിയോട് കൂടിയാണോ എന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശകാര്യമന്ത്രി പ്രവര്‍ത്തിച്ചതും പ്രധാനമന്ത്രിയുടെ അനുമതിയോട് കൂടിയാണോ എന്ന് മോദി വെളിപ്പെടുത്തണം- വടക്കന്‍ പറഞ്ഞു.
ഐ പി എല്‍ കുംഭകോണത്തില്‍ പ്രതിയായ ലളിത് മോദിക്ക് ബ്രിട്ടീഷ് യാത്രാ രേഖകള്‍ ലഭ്യമാക്കാന്‍ സുഷമാ സ്വരാജ് ശുപാര്‍ശ ചെയ്തത് എന്തടിസ്ഥാന ത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.