ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട്ടില്‍ ആശ്വാസ വാക്കുമായി രാഹുല്‍

Posted on: June 19, 2015 6:00 am | Last updated: June 19, 2015 at 12:15 am
പഞ്ചാബിലെ ദാഡുവാള്‍ ഗ്രാമത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ  കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി
പഞ്ചാബിലെ ദാഡുവാള്‍ ഗ്രാമത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി

ഫത്തേഗഡ് സാഹിബ് (പഞ്ചാബ്): കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യചെയ്ത കര്‍ഷകന്റെ ദു:ഖാര്‍ഥരായ കുടുംബത്തെ അവരുടെ വസതിയിലെത്തി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സമാശ്വസിപ്പിച്ചു.
വന്‍തോതില്‍ കൃഷിനാശം സംഭവിച്ച ദാഡുവാള്‍ ഗ്രാമത്തിലെ സുര്‍ജിത് സിംഗ് എന്ന കര്‍ഷകന്‍ ജൂണ്‍ 10നാണ് വിഷം കഴിച്ച് മരിച്ചത്. അദ്ദഹത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ കൂടിയാണ് രാഹുല്‍ എത്തിയത്.
പഞ്ചാബിലെ കൃഷിനാശം നേരില്‍ കാണാന്‍ ഏപ്രില്‍ 28ന് രാഹുല്‍ എത്തിയപ്പോള്‍ സിര്‍ഹിന്ദ് ഗ്രാമത്തില്‍ വെച്ച് സുര്‍ജിത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.
കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ സത്വരം നടപടി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് അദ്ദേഹം ആശങ്കരേഖപ്പെടുത്തിയിരുന്നു.
‘എന്റെ പിതാവിന് ആറ് ഏക്ര ഭൂമി ഉണ്ടായിരുന്നു പാട്ടത്തിനെടുത്ത ഭൂമികൂടി ചേര്‍ത്ത് 19 ഏക്രയില്‍ കൃഷിയിറക്കി.
ഉത്പാദനം തീരെ കുറഞ്ഞതിനാല്‍ കൃഷിയിറക്കാന്‍ ചെലവിട്ട പണമെല്ലാം നഷ്ടത്തിലായി.
പാട്ടത്തിനെടുത്ത ഭൂമിക്ക് നല്‍കേണ്ട പണം നല്‍കണമെങ്കില്‍ ഇനിയും വായ്പ വാങ്ങേണ്ട സാഹചര്യമാണ്.
ഇതിനകം തന്നെ സുര്‍ജിത്തിന് 13 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്-‘ സുര്‍ജിത്തിന്റെ മകന്‍ പറഞ്ഞു.