Connect with us

Articles

ഖജനാവ് നിറയണോ? നികുതി വകുപ്പ് പൊളിച്ചെഴുതണം

Published

|

Last Updated

സംസ്ഥാന സമ്പദ്ഘടനയുടെ ജീവവായുവാണ് വാണിജ്യ നികുതി വരുമാനം. പൊതുഖജനാവിലേക്കെത്തുന്ന വരുമാനത്തിന്റെ സിംഹഭാഗവും സമാഹരിക്കുന്നത് വാണിജ്യ നികുതി വകുപ്പാണെന്നിരിക്കെ വര്‍ഷങ്ങളായി ലക്ഷ്യതുക പിരിച്ചെടുക്കുന്നതില്‍ വകുപ്പ് നിരന്തരമായി പരാജയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടത് അനിവാര്യമാണ്. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ അനുകൂല സാഹചര്യങ്ങള്‍ നികുതി വരുമാനമാക്കി പൊതുഖജനാവിലെത്തിക്കണമെങ്കില്‍ നിലവില്‍ നികുതി വകുപ്പ് സംവിധാനം പൊളിച്ചെഴുതേണ്ടതിന്റെ അനിവാര്യത ഗൗരവത്തോടെ കാണേണ്ടതുണ്ട്.
വാണിജ്യ നികുതി വകുപ്പിന്റെ ജയപരാജയങ്ങള്‍ സംസ്ഥാനത്തിന്റെ ആകെ ജയപരാജയങ്ങളായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മറ്റു പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഈ പ്രധാന പ്രശ്‌നത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നത് വിചിത്രമായി തോന്നുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ടും ഒരു വര്‍ഷം പോലും വാണിജ്യ നികുതി പിരിവില്‍ ലക്ഷ്യമിടുന്ന നിശ്ചിതതുക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവശ്യസാധനങ്ങളുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ അടിക്കടിയുള്ള വിലവര്‍ധനയും നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള അവസരം ഏറെ ഒരുക്കിയിട്ടും ഇത് മുതലാക്കാന്‍ നികുതി വകുപ്പിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ അവസാന സാമ്പത്തിക വര്‍ഷവും സ്ഥിതി മറിച്ചായിരുന്നില്ല. ലക്ഷ്യതുകയേക്കാള്‍ 4000 കോടി രൂപയാണ് ഈ വര്‍ഷം നികുതി വരുമാനത്തില്‍ അനുഭപ്പെട്ട കുറവ്. വളര്‍ച്ചാ നിരക്കും രണ്ടക്കത്തില്‍ നിന്ന് ഒരക്കത്തിലേക്ക് കൂപ്പുകുത്തി.റെക്കോര്‍ഡ് ഉപഭോഗവും വന്‍ വിലക്കയറ്റവും പ്രതീക്ഷിച്ച പോലെ നികുതി പിരിവിന്റെ ഗ്രാഫ് ഉയര്‍ത്തിയില്ല. ഈ നില തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രതക്ക് കടുത്ത ഭീഷണി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.
നികുതി വകുപ്പിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ ഗൗരവതരമായ ഒട്ടേറെ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഭാഗമായി നികുതിഘടന ശാസ്ത്രീയമായി പരിഷ്‌കരിച്ച് വാണിജ്യനികുതി വകുപ്പിനെ ഒരു വിദഗ്ധ സംവിധാനമായി പുനഃസംഘടിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക. പുതിയ നികുതി ബാധ്യതകള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതെ ലഭിക്കാവുന്ന തനത് നികുതി പരമാവധി പരിച്ചെടുക്കാന്‍ പ്രായോഗികമായ നടപടികള്‍ ആവിഷ്‌കരിക്കുക. ഒപ്പം നടപടികള്‍ ഊര്‍ജസ്വലമാക്കുന്നതിന് വകുപ്പിലെ ഒഴിഞ്ഞു കിടക്കുന്ന പ്രധാന തസ്തികകള്‍ നികത്തുക. ഇതിന് പുതിയ തസ്തികകകള്‍ സൃഷ്ടിക്കുകയോ, പ്രമോഷനിലൂടെ നികത്തുക ഉള്‍പ്പെടെയുള്ള ചെലവ് കുറഞ്ഞ വഴികള്‍ തേടുകയോ ചെയ്യാവുന്നതാണ്. തികച്ചും അശാസ്ത്രീയമായ ടാര്‍ജറ്റ് നിര്‍ദേശം പുനഃപരിശോധിക്കുക. വകുപ്പില്‍ ലക്ഷ്യബോധമുള്ള തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ബോധവത്കരണം നടത്തുക, തെറ്റായ കാര്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുകളെ ചെറുക്കുന്നതിന് ഉദ്യാഗസ്ഥര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ഉറപ്പാക്കുക. ഇന്റലിജന്റ്‌സിന്റെ പ്രവര്‍ത്തനം ടാര്‍ജറ്റ് പിരിവില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥ ഒഴിവാക്കുക. രജിസ്‌ട്രേഷനില്ലാത്ത വ്യാപാര ഇടപാടുകള്‍ കണ്ടെത്തി അവരെ നിയമത്തിന് മുന്നിലെത്തിക്കാനും അവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനും ഇന്റലിജന്റസിനെ ഉപയോഗപ്പെടുത്തുക. ടാര്‍ജറ്റ് പൂര്‍ത്തീകരണമാണ് മികവിന്റെ ലക്ഷണമെന്ന മനോഭാവത്തില്‍ മാറ്റം വരുത്തുക. കൂടുതല്‍ നികുതി ലഭിക്കുന്ന മേഖലകളെ കൂടുതല്‍ നികുതി ഇളവ് നല്‍കൂന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ വകുപ്പില്‍ നടപ്പിലാക്കാനായാല്‍ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം വകുപ്പില്‍ നല്ല തൊഴില്‍ അന്തരീക്ഷവും, സംസ്‌കാരവും രൂപപ്പെടുത്തിയെടുക്കാനുമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഒപ്പം വരുമാനത്തെ കാര്യമായി സ്വാധീനിക്കാത്തതും എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കുന്നതുമായ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്നതും നന്നായിരിക്കും. ഉദാഹരണത്തിന് പെന്‍ഷന്‍ സെസ്, ഭവന നിര്‍മാണ സെസ് തുടങ്ങിയ പരീക്ഷണങ്ങള്‍ ഉപകാരത്തേക്കാളേറെ സര്‍ക്കാറിന് തിരിച്ചടിയാകുമെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.
ഇതോടൊപ്പം സര്‍ക്കാറിന്റെ വകുപ്പിനോടുള്ള നയത്തിലും കാതലായ മാറ്റം വരുത്തണം. ധനകാര്യവകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നികുതി വകുപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും ധനവകുപ്പിന്റെ അക്കൗണ്ടില്‍ തന്നെ വരവ് വെക്കുന്ന സര്‍ക്കാര്‍ നികുതി വകുപ്പിനെ പാടെ കൈ ഒഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതാണ് വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലാകാന്‍ പ്രധാന കാരണം. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും വകുപ്പിലെ പോരായ്മകളും പിഴവുകളും സര്‍ക്കാറിന്റൈ പ്രതിച്ഛായയെ ബാധിക്കുന്നത് പോലെ നികുതി വകുപ്പിലെ പോരായ്മകളും സര്‍ക്കാറിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ തിരിച്ചറിയണം. ഇതുപരിഹരിക്കുന്നത് സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇതിന് കനത്ത വില നല്‍കേണ്ടി വരും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം