Connect with us

Articles

തൊഗാഡിയയും വെള്ളാപ്പള്ളിയും കൂട്ടുകൃഷി ക്കിറങ്ങുമ്പോള്‍

Published

|

Last Updated

ശ്രീമാന്‍ വെള്ളാപ്പള്ളി നടേശന്‍ പ്രവീണ്‍ തൊഗാഡിയയുമായി ചേര്‍ന്ന് കേരളത്തില്‍ കൂട്ടുകൃഷി ആരംഭിക്കാന്‍ പോകുകയാണ് പോലും. തൊഗാഡിയയുടെ പണം കൊണ്ട് മെഡിക്കല്‍കോളജും തുടങ്ങുന്നുണ്ട് പോലും. ജൂണ്‍ 16-ാം തിയ്യതി എസ് എന്‍ ഡി പി യോഗം കണിച്ചുകുളങ്ങര, ചേര്‍ത്തല യൂണിയനുകള്‍ സംയുക്തമായി ചേര്‍ത്തലയില്‍ സംഘടിപ്പിച്ച കാര്‍ഷിക- ആരോഗ്യ സെമിനാറിലാണ് പ്രഖ്യാപനമുണ്ടായത്. അപരമതവിദേ്വഷത്തിലും വംശഹത്യയിലും തിമര്‍ക്കുന്ന തൊഗാഡിയ, ദാരിദ്ര്യം തുടച്ചുനീക്കാന്‍ കാര്‍ഷിക സംസ്‌കൃതിയിലേക്ക് തിരിച്ചുവരണമെന്ന് ആഹ്വാനവും ചെയ്തു! ഒപ്പം ഹിന്ദുവിന്റെ സുരക്ഷിതത്വവും സമൃദ്ധിയുമാണ് പ്രധാനമെന്ന് ശ്രീനാരായണീയരെ ഓര്‍മപ്പെടുത്തുകയും ചെയ്തു. എസ് എന്‍ ഡി പിയുമായി ചേര്‍ന്ന് തൊഗാഡിയക്ക് നടത്താന്‍ താത്പര്യം ജൈവക്കൃഷിയല്ലെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ന്യൂനപക്ഷവിരുദ്ധ ആക്രോശമായിരുന്നു ഈ വിശ്വഹിന്ദുപരിഷത്ത് തലവന്റെ പ്രസംഗം.
സെമിനാറില്‍ പങ്കെടുത്തവരെ തൊഗാഡിയയുടെ നേതൃത്വത്തലുള്ള ആരോഗ്യ സംഘം പരിശോധിക്കുകയും ചെയ്തതായി വാര്‍ത്ത കണ്ടു. വെള്ളാപ്പള്ളി നടേശന്റെ രക്തസമ്മര്‍ദത്തിന്റെ അളവ് പ്രവീണ്‍ തൊഗാഡിയ പരിശോധിക്കുന്ന പടവും മാധ്യമങ്ങളില്‍ പിറ്റേ ദിവസം അച്ചടിച്ചുവന്നു. അത് ഒരു പ്രഷര്‍ പരിശോധന മാത്രമല്ലെന്നും തൊഗാഡിയ വെള്ളാപ്പള്ളിയുടെ വര്‍ഗീയതയുടെ അളവെടുക്കുകയാണെന്നും നവമാധ്യമങ്ങളില്‍ കളിയാക്കപ്പെട്ടു. സംഗതികള്‍ ഈ വഴിക്കുപോകുമ്പോള്‍ പ്രവീണ്‍ തൊഗാഡിയയുമായി ചേര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണനെയും അദ്ദേഹത്തിന്റെ ജാതിക്കും മതത്തിനും അതീതമായ ദര്‍ശനങ്ങളെയും അപമാനിക്കുകയാണെന്നതാണ് ഓരോ മലയാളിയും ഗൗരവാവഹമായി കാണേണ്ടത്. നവോത്ഥാനത്തിന്റെ ചരിത്രത്തെ നിഷേധിച്ചുകൊണ്ട് ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആലയില്‍ ശ്രീനാരായണ പ്രസ്ഥാനത്തെ കൊണ്ടുപോയി കെട്ടിയിടാനാണ് വെള്ളാപ്പള്ളി അച്ചാരം വാങ്ങിയിരിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.
കഴിഞ്ഞ കുറേ കാലമായി ഹിന്ദുത്വശക്തികള്‍ക്കാവശ്യമായ രീതിയില്‍ വെള്ളാപ്പള്ളി നടേശന്‍ ചരിഞ്ഞും ചാഞ്ഞും നിന്നുകൊടുക്കുന്നത് കേരളീയ സമൂഹം കണ്ടുപോരുന്നതാണ്. ഹിന്ദുത്വത്തിന്റെ രാക്ഷസമോഹങ്ങള്‍ക്ക് എസ് എന്‍ ഡി പിയെ എറിഞ്ഞുകൊടുക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. ചരിത്രബോധം നഷ്ടപ്പെട്ട കോമാളികളെ പോലെ ഹിന്ദുത്വ ബാന്ധവത്തിന് വേദിയൊരുക്കുന്ന എസ് എന്‍ ഡി പി നേതാക്കള്‍ ശ്രീനാരായണനെ അപമാനിക്കുകയാണ്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് സ്വന്തം ജീവിതാനുഷ്ഠാനങ്ങളിലൂടെ മലയാളികളെ പഠിപ്പിച്ചത് ശ്രീനാരായണനാണ്. ആ മഹാന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്നവര്‍ ഭൂരിപക്ഷ മതത്തിന്റെ മൊത്തകച്ചവടക്കാരാകുന്നത് സ്വന്തം താത്്പര്യങ്ങളും സ്വാര്‍ഥമോഹങ്ങളും ഒന്നുകൊണ്ടുമാത്രമാണെന്ന് കാര്യവിവരമുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.
ഹിന്ദുത്വത്തിന്റെ സവര്‍ണാധികാരത്തിനെതിരായുള്ള കലാപങ്ങളായിരുന്നു ശ്രീനാരായണന്റെ ഇടപെടലുകളെല്ലാം. സ്വാമി വിവേകാനന്ദന്‍ ഇത് ഭ്രാന്താലയമോ എന്ന് സന്ദേഹിച്ച കേരളീയ സമൂഹത്തില്‍ ജാതിവ്യവസ്ഥക്കും അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാനത്തിന്റെ സമരപാതകള്‍ വെട്ടിത്തെളിയിച്ചത് ഗുരുദേവനാണ്. ജാതിമതയാഥാസ്ഥിതികത്വത്തിന്റെ ഇന്ത്യയിലെയും കേരളത്തിലെയും പ്രത്യയശാസ്ത്രവും വ്യവസ്ഥയും ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ബ്രാഹ്മണ്യമായിരുന്നല്ലോ. ജന്മി നാടുവാഴിത്വത്തിന്റെ പ്രത്യയശാസ്ത്രമായി വര്‍ത്തിച്ച ജാതിമത യാഥാസ്ഥിതികത്വത്തിനെതിരെ സംഘടിക്കാനും ശക്തരാകാനുമാണ് ശ്രീനാരായണന്‍ ആഹ്വാനം ചെയ്തത്. ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ അധികാരഘടനക്കെതിരായി ചിന്തിക്കുകയും ധീരമായി പോരാടുകയുമാണ് ശ്രീനാരായണന്‍ ചെയ്തത്.
എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ഭൂരിപക്ഷസമുദായത്തിന്റെ സംരക്ഷകനായി കെട്ടിയെഴുന്നള്ളിച്ച് എസ് എന്‍ ഡി പി വേദിയില്‍ കൊണ്ടുവന്ന പ്രവീണ്‍ തൊഗാഡിയ ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ഹിന്ദുരാഷ്ട്രവാദത്തിന്റെ അപരമതവിദേ്വഷിയായ യോദ്ധാവാണ്. ബ്രാഹ്മണ്യത്തിന്റെ ദര്‍ശനവും ക്ഷത്രിയവീര്യവും കൊണ്ട് ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്ന മതരാഷ്ട്രീയത്തിന്റെ പ്രതിനിധി. ഗുജറാത്തിലെ വംശഹത്യയില്‍ മാത്രമല്ല ലക്ഷ്മണ്‍പൂര്‍ബാത്ത പോലുളള ജാതി കൂട്ടക്കൊലകളിലും അഭിരമിക്കുന്ന ന്യൂനപക്ഷ വിരുദ്ധവും ദളിത് വിരുദ്ധവുമായ മനോഘടനയാണ് തൊഗാഡിയയുടേത്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന വിഭാഗങ്ങളുടെ സംവരണം അടക്കമുള്ള ഭരണഘടനാവകാശങ്ങള്‍ക്കെതിരായി നിരന്തരം ആക്രോശിക്കുന്ന സവര്‍ണാധികാരത്തിന്റെ പ്രതിനിധിയാണ് തൊഗാഡിയ എന്ന കാര്യം എന്തുകൊണ്ടാണ് വെള്ളാപ്പള്ളി മറന്നുപോയത്? സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പിന്നാക്ക ദളിത് വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്കു നേരെ കൊമ്പുകോര്‍ക്കുന്ന ഹിന്ദുത്വശക്തികളുമായി നടേശന്‍ കൂട്ടുകൂടുന്നത് ആര്‍ക്കുവേണ്ടിയാണ്? ആരുടെ താത്പര്യത്തിനു വേണ്ടിയാണ്. പിന്നാക്കക്കാരായ സാധാരണ ഈഴവരുടെ താത്പര്യത്തിനു വേണ്ടിയാണോ ഈ അവിശുദ്ധബാന്ധവം.
ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ജാതിവ്യവസ്ഥയെ താലോലിക്കുന്ന, ബ്രാഹ്മണിക മൂല്യങ്ങളെയും അനുഷ്ഠാനങ്ങളെയും ജീവിതബന്ധങ്ങളിലുടനീളം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ശക്തികളുമായി ശ്രീനാരായണന്റെ ദര്‍ശനങ്ങളെ പിന്‍പറ്റുന്ന ഒരാള്‍ക്കും കൂട്ടുകൂടാനാകില്ല. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ വിഗ്രഹപ്രതിഷ്ഠാബന്ധിയായ സകലബ്രാഹ്മണ വ്യാഖ്യാനങ്ങളെയും ചോദ്യം ചെയ്യുകയാണ് ഗുരു ചെയ്തത്. സംസ്‌കൃത യാഗവിധികളുടെയും പൂജാമന്ത്രങ്ങളുടെയും സ്ഥാനത്ത് സാധാരണ മനുഷ്യന് ദൈവവുമായി സംവദിക്കാന്‍ അവന്റെ ഭാഷ വഴിയും കഴിയുമെന്ന് സംസ്‌കൃത യാഗവിധികളെ ചോദ്യം ചെയ്തുകൊണ്ട് ഗുരു പ്രഖ്യാപിക്കുകയായിരുന്നു. ദൈവപ്രീതിക്കുള്ള അറിവിന്റെയും അനുഷ്ഠാനങ്ങളുടെയും കുത്തക ബ്രാഹ്മണര്‍ക്കാണെന്ന ധാരണകളെ ഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ മാറ്റിമറിക്കുകയായിരുന്നു. ബ്രാഹ്മണാധികാരത്തിന്റെ ജ്ഞാനാടിസ്ഥാനങ്ങളെ വിപ്ലവകരമായി കടന്നാക്രമിച്ചുകൊണ്ടാണ് ഗുരു അധസ്ഥിതനെ ആത്മബോധത്തിലേക്കും വിമോചനത്തിലേക്കും നയിച്ചത്.
ക്ഷേത്രനിര്‍മാണവും ന്യൂനപക്ഷ ആരാധനാലയങ്ങളുടെ തകര്‍ക്കലും മുഖ്യ അജന്‍ഡയാക്കി ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ പുറപ്പെട്ട തൊഗാഡിയമാരുടെ ദര്‍ശനവും ശ്രീനാരായണന്റെ ദര്‍ശനവും കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. വെള്ളാപ്പള്ളിമാര്‍ സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടി സൗകര്യപൂര്‍വം ചരിത്രത്തെയും ഗുരു ദര്‍ശനങ്ങളെയും മറന്നുകളയുകയാണ്. വിഗ്രഹപ്രതിഷ്ഠയില്‍ നിന്നും കണ്ണാടി പ്രതിഷ്ഠയിലേക്കും പിന്നീട് വിഗ്രഹങ്ങളുടെ തന്നെ നിരാകരണത്തിലേക്കും ഗുരുദേവന്‍ വികസിക്കുന്നുണ്ടല്ലോ. “ഇനി ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത് ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം കെട്ടുവാന്‍ പണം ചെലവിടരുത്. ദുര്‍വ്യയമായി അവര്‍ പശ്ചാത്തപിക്കുവാന്‍ ഇടയുണ്ട്……. …….. …….. ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുവാന്‍ ശ്രമിക്കണം. അവര്‍ക്ക് അറിവുണ്ടാകട്ടെ. അതു തന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്.” ഇങ്ങനെയൊക്കെ ചിന്തിച്ച ഗുരുദേവന്റെ ഇന്നത്തെ പിന്‍മുറക്കാര്‍ മധ്യകാല വൈദികമൂല്യങ്ങളിലും അനുഷ്ഠാനങ്ങളിലും അഭിരമിക്കുന്ന സംഘപരിവാറിന്റെ കുഴലൂത്തുകാരും ശിങ്കിടികളുമാകുന്നത് മാപ്പ് കൊടുക്കാവുന്ന അപരാധമല്ല. തൊഗാഡിയയും വെള്ളാപ്പള്ളിയും ചേര്‍ന്ന് നടത്തുന്ന കൂട്ടുക്കൃഷി നവോത്ഥാന പാരമ്പര്യത്തെ നിരാകരിക്കുന്നതും ശ്രീനാരായണനെ അപമാനിക്കുന്നതുമാണ്. ശ്രീനാരാണയപ്രസ്ഥാനത്തെ ഇത്തരം അവിശുദ്ധ ബാന്ധവങ്ങളില്‍ നിന്നും വിമുക്തമാക്കാന്‍ നവോത്ഥാനത്തിന്റെ ധര്‍മബോധം മനസ്സില്‍ സൂക്ഷിക്കുന്ന ശ്രീനാരായണീയര്‍ രംഗത്തുവരേണ്ട സന്ദര്‍ഭമാണിത്. പാവം നാരായണഗുരുവിനെവെച്ച് ഹിന്ദുവര്‍ഗീയത വളര്‍ത്താന്‍ ഗരുദര്‍ശനങ്ങളെ പിന്തുടരുന്ന ഒരാള്‍ക്കുമാകില്ല.