Connect with us

Ongoing News

രാജ്യവ്യാപക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മര്‍കസ് റമസാന്‍ പദ്ധതി

Published

|

Last Updated

കോഴിക്കോട്: റമസാനില്‍ അറുപത് ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കാരന്തൂര്‍ മര്‍കസ്. രാജ്യ വ്യാപകമായി അഞ്ചു ലക്ഷം പേര്‍ക്കുള്ള ഇഫ്താര്‍ വിരുന്നുകള്‍, പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണ വിതരണം, വസ്ത്ര വിതരണം, മതപ്രഭാഷണങ്ങള്‍, സൗഹാര്‍ദ സദസ്സുകള്‍, സ്ത്രീകള്‍ക്കുള്ള പഠന ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികളാണ് റമസാനില്‍ മര്‍കസ് സംഘടിപ്പിക്കുന്നത്.
ബിഹാര്‍, അസാം, ബംഗാള്‍, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവര്‍ക്കുള്ള പ്രത്യേക കിറ്റുകളും മര്‍കസ് തയ്യാറാക്കിയിട്ടുണ്ട്. ഹരിയാനയിലും ഡല്‍ഹിയിലും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന 450 റോഹിന്‍ഗ്യന്‍ കുടുംബങ്ങള്‍ക്ക് മുപ്പത് ദിവസത്തേക്കുള്ള ഇഫ്താര്‍ നല്‍കും. കേരളത്തില്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് സമൂഹ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ അഞ്ച് ലക്ഷം പേര്‍ക്ക് മര്‍കസ് റമസാന്‍ പദ്ധതികളുടെ സഹായമെത്തും. കാരന്തൂര്‍ മര്‍കസില്‍ മുപ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ഇഫ്താര്‍ വിരുന്നില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കെടുക്കും. 25 ലക്ഷം രൂപയാണ് റമസാന്‍ പ്രത്യേക കിറ്റുകള്‍ക്കായി മര്‍കസ് ചെലവഴിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ മര്‍കസ് നടപ്പിലാക്കുന്ന റമസാന്‍ ക്യാമ്പയ്‌നിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റിലീഫ് ആന്‍ഡ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ പ്രത്യേക ട്രെയിനിംഗ് ലഭിച്ച വളണ്ടിയര്‍മാരാണ് ദേശീയ തലത്തില്‍ മര്‍കസ് നടത്തുന്ന റമസാന്‍ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നന്മയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രചരണാര്‍ത്ഥം മര്‍കസ് മസ്‌റ പ്രൊജക്റ്റ് ആരംഭിക്കും. 20 മുതല്‍ മതപ്രഭാഷണങ്ങള്‍ ആരംഭിക്കും. റമസാന്‍ 27 ന് മര്‍കസില്‍ നടക്കുന്ന ആത്മീയ സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ മര്‍കസ് എച്ച് ആര്‍ അമീര്‍ ഹസന്‍, അസി. ജനറല്‍ മാനേജര്‍ ഉനൈസ് മുഹമ്മദ്, ഡോ. അബൂബക്കര്‍ നിസാമി, മുഹമ്മദ് ബുസ്താനി, യാസര്‍ അറഫാത്ത് നൂറാനി പങ്കെടുത്തു.