മെട്രോ സ്റ്റേഷനുകളുടെ പരിസരത്ത് വസ്തുവകകള്‍ക്ക് 41 ശതമാനം വില വര്‍ധന

Posted on: June 18, 2015 9:07 pm | Last updated: June 18, 2015 at 9:07 pm
METRO
ദുബൈ മെട്രോ

ദുബൈ: ദുബൈ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള വസ്തു വകകള്‍ക്ക് 41 ശതമാനം വരെ വില വര്‍ധിച്ചതായി ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍തായര്‍ അറിയിച്ചു.
ഇവിടങ്ങളില്‍ വാടകയിലും വില്‍പനയിലും 10 ശതമാനം വര്‍ധന വന്നിട്ടുണ്ട്. ചുകപ്പ് പാതയിലും പച്ചപ്പാതയിലും ഉള്ള സ്റ്റേഷനുകളെ ഉപയോഗിക്കുന്നവര്‍ വര്‍ധിച്ചത് സമീപത്തെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് ഊര്‍ജമായി. ഇവിടെ താമസിക്കുന്നവര്‍ക്ക് യാത്രക്ക് സൗകര്യപ്രദമാകുമെന്ന് കണ്ട് കെട്ടിടങ്ങള്‍ക്ക് വാടക വര്‍ധിപ്പിച്ചു. യാത്രാ ചെലവിനത്തില്‍ 300 ശതമാനമാണ് മെട്രോ പരിസരത്ത് താമസിക്കുന്നവര്‍ക്ക് ലാഭമായിരിക്കുന്നത്.
ബുര്‍ജ് ഖലീഫ സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം 66 ലക്ഷം പേരാണ് എത്തിയത്. ദുബൈ മാളിനെയും ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷനെയും എയര്‍ കണ്ടീഷന്‍ നടപ്പാലം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ 59 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2006 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ സമയവും ഇന്ധനവും ലാഭിക്കുന്നതില്‍ 8,700 കോടി ദിര്‍ഹമിന്റെ വരുമാനം കണക്കാക്കുന്നതായും മതര്‍ അല്‍തായര്‍ പറഞ്ഞു.