മലയാളി യുവാവിനെ തീയിട്ട് കൊന്ന കേസില്‍ വിചാരണ തുടങ്ങി

Posted on: June 18, 2015 9:05 pm | Last updated: June 18, 2015 at 9:05 pm

ദുബൈ: കണ്ണൂര്‍ പഴയങ്ങാടി സ്വദേശി രാഹുലിനെ താമസ സ്ഥലത്ത് തീയിട്ട് കൊന്ന കേസില്‍ അനാശാസ്യക്കാരിയായ യുവതിക്കെതിരെയും കൂട്ടുപ്രതികള്‍ക്കെതിരെയും ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. പണത്തെ ചെല്ലിയുള്ള തര്‍ക്കമാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 28 കാരിയായ ബംഗ്ലാദേശ് യുവതി ഉള്‍പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്കെതിരെ വേശ്യാവൃത്തി നടത്തിയതിനും യുവാവിന്റെ മൊബൈല്‍ഫോണ്‍, സ്വര്‍ണമാല എന്നിവ അപഹരിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 38 കാരനായ രാഹുലായിരുന്നു മുഹൈസിന നാലിലുള്ള താമസസ്ഥലത്ത് തീപിടുത്തത്തില്‍ ശ്വാസംമുട്ടി മരിച്ചത്. തുടക്കത്തില്‍ സ്വാഭാവിക മാരണമാണെന്നായിരുന്നു കരുതിയത്. എന്നാല്‍ ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവം സ്വാഭാവിക തീപിടുത്തമല്ലെന്നും മനപൂര്‍വമുള്ള കൊലപാതകമാണെന്നും കണ്ടെത്തിയ പോലീസ്, സംഭവത്തിന് പിന്നില്‍ അഞ്ചു പേര്‍ക്ക് പങ്കുള്ളതായും വെളിപ്പെടുത്തിയിരുന്നു. ഏപ്രില്‍ മൂന്നിനായിരുന്നു ലുലു വില്ലേജിനു പുറകുവശത്തുള്ള കെട്ടിടത്തിലെ ഒന്നാം നിലയിലെ ഫഌറ്റിലുണ്ടായ അഗ്‌നിബാധയെത്തുടര്‍ന്ന് കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശി കുഞ്ഞിക്കണ്ണന്‍ മകന്‍ രാഹുല്‍ മരണപ്പെട്ടത്.
സംഭവ ദിവസം തന്റെ നാട്ടുകാരായ രണ്ട് പേരോടൊപ്പം രാഹുല്‍ സ്വന്തം ഫഌറ്റിലെത്തിയതായി പോലീസ് കോടതിയില്‍ സമര്‍പിച്ച രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍പസമയത്തിനകം രണ്ടു സ്ത്രീകളും അവിടെയെത്തി. പിന്നീട് തന്നോടൊപ്പം വന്ന രണ്ടുപേരും ശേഷം വന്ന രണ്ടു സ്ത്രീകളിലൊരാളും ഫഌറ്റില്‍ നിന്നിറങ്ങി. 10 മണിയായപ്പോള്‍ അവശേഷിച്ച സ്ത്രീയും ഫഌറ്റുവിട്ടു. ഇതിന് ശേഷമാണ് ഫഌറ്റില്‍ തീ പിടിച്ചതെന്നതാണ് തീപിടുത്തത്തിലും മരണത്തിലും സംശയങ്ങള്‍ക്കിടവരുത്തിയത്. രാഹുലിനൊപ്പം ഫഌറ്റിലെത്തിയ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് സംഭവം നടന്ന ദിവസം ഫഌറ്റില്‍ ഇയാളോടൊപ്പം രണ്ടു പേരും ഉണ്ടായിരുന്നതായും സ്ത്രീകളെ ഫഌറ്റില്‍ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കുള്ളതായും പോലീസിന് ബോധ്യപ്പെട്ടിരുന്നു.
സ്ത്രീകളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഏഷ്യക്കാരിയായ മറ്റൊരു സ്ത്രീയുടെ കീഴില്‍ അനാശാസ്യം നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്നും ബോധ്യപ്പെട്ടിരുന്നു. ഇരയുടെ കൂടെ ഫഌറ്റില്‍ തനിച്ചായ സ്ത്രീയെ, തനിക്ക് വാഗ്ദാനം ചെയ്ത തുക നല്‍കില്ലെന്ന രാഹുലിന്റെ പരാമര്‍ശമാണ് പ്രകോപിപ്പിച്ചത്. അമിതമായി ലഹരി കഴിച്ച രാഹുലിനെ ഇവര്‍ ബലമായി തറയില്‍ തള്ളിയിടുകയും അനങ്ങാന്‍ കഴിയാതിരുന്ന ഇയാളുടെ രണ്ടു മൊബൈല്‍ ഫോണുകള്‍, സ്വര്‍ണ വള, രണ്ടു മോതിരങ്ങള്‍, പണം എന്നിവ അപഹരിക്കുകയും താക്കോല്‍ കൈവശപ്പെടുത്തി ഫഌറ്റിന് തീയിടുകയുമായിരുന്നു. പോലീസ് കെട്ടിടത്തിലെ സി സി. ടി വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കും.