പണിതീരാത്ത വീടിന്റെ ഗതിയാണ് അബ്ദുര്‍റബ്ബിന് കീഴിലെ എസ് എസ് എല്‍ സി: വി എസ്‌

Posted on: June 18, 2015 5:56 am | Last updated: June 17, 2015 at 11:57 pm

തിരുവനന്തപുരം: പണിതിട്ടും പണിതിട്ടും പണിതീരാത്ത വീടു പോലെയാണ് മന്ത്രി അബ്ദുറബ്ബിന്റെ കീഴില്‍ എസ് എസ് എല്‍ സിയുടെ കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. രണ്ടോ മൂന്നോ തവണ പ്രഖ്യാപിച്ചിട്ടും ഫലം പൂര്‍ണമായില്ല. അതിന് ശേഷം ഒരു മാസം പിന്നിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് കുട്ടികള്‍ക്ക് കിട്ടിയിട്ടില്ല. സ്‌കൂള്‍ തുറന്ന് മൂന്ന് ആഴ്ചയോളമായിട്ടും പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിയിട്ടില്ലെന്നും വി എസ് പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് ആര്‍ ടി സി കോര്‍ഡിനേഷന്‍ ഓഫ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമഴ്ന്നു വീണാല്‍ കാല്‍പ്പണം എന്നു പറയുന്ന പോലെ എന്തിലും അഴിമതി നടത്താനുള്ള പഴുതന്വേഷിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പാമോയില്‍ മുതല്‍ ഭൂമി തട്ടിപ്പും ബാര്‍കോഴയും വരെയുള്ള അഴിമതികളില്‍ ജനിച്ച് അഴിമതിയില്‍ ഉണ്ട് അതില്‍ തന്നെ ഉറങ്ങുന്ന സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. വിവിധ മേഖലകളില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ അഞ്ചും ആറും മാസം കുടിശികയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണം അനിശ്ചിതമായി നീണ്ടുപോകുന്നു. കരാറുകാര്‍ക്ക് 18 മാസത്തെ കുടിശികയിനത്തില്‍ 3000 കോടിയിലേറെ രൂപ നല്‍കാനുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം നല്‍കുന്നില്ല. ആശുപത്രികളില്‍ മരുന്നില്ല. താങ്ങാനാവാത്ത വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് താങ്ങാവേണ്ട സപ്ലൈക്കോയിലും നീതി സ്‌റ്റോറുകളിലും അഴിമതി മാത്രമാണ് നടക്കുന്നത്. ഇത്തരമൊരു ദുര്‍ഭരണത്തിന്റെ അന്ത്യം കുറിച്ചിട്ടെങ്കിലും പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വി എസ് പറഞ്ഞു. കോര്‍ഡിനേഷന്‍ ഓഫ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് ചെയര്‍മാന്‍ ടി ഐ സുധാകരന്‍, കണ്‍വീനര്‍ ആര്‍ രഘുനാഥന്‍ നായര്‍ ഭാരവാഹികളായ സദാശിവന്‍ നായര്‍, ശശികുമാര്‍, അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.