ഹമാസുമായി അഭിപ്രായഭിന്നത: ഫല്‌സ്തീന്‍ ഐക്യ സര്‍ക്കാര്‍ വീണു

Posted on: June 18, 2015 5:54 am | Last updated: June 17, 2015 at 11:54 pm

റാമല്ല: ഫലസ്തീനിലെ ഐക്യ സര്‍ക്കാര്‍ രാജിവെച്ചു. ഗാസയിലെ അധികാരം കൈയാളിയിരുന്ന ഹമാസുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. ഹമാസ് ഇസ്‌റാഈലുമായി രഹസ്യ ചര്‍ച്ച നടത്തുവെന്ന് ഫതഹ് പാര്‍ട്ടിയും ഫതഹ് പാര്‍ട്ടിയാണ് ഇസ്‌റാഈലുമായി മൃദു സമീപനം പുലര്‍ത്തുന്നതെന്ന് ഹമാസും കുറ്റപ്പെടുത്തുന്നു.
പ്രധാനമന്ത്രി റാമി ഹംദുല്ല പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് രാജിക്കത്ത് നല്‍കിയതായി അദ്ദേഹത്തിന്റെ സഹായി അറിയിച്ചു. പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കാനാണ് അബ്ബാസ് നിര്‍ദേശം നല്‍കിയത്. ഹമാസ് അടക്കമുള്ള ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിയായിരിക്കണം സര്‍ക്കാറെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അത് സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍. പുതിയ ത് നിലവില്‍ വരും വരെ ഈ സര്ഡക്കര്‍ കാവല്‍ സര്‍ക്കാറായി തുടരും. ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രത്യേകം സര്‍ക്കാറുകള്‍ നിലനില്‍ക്കുകയും അവര്‍ പോരടിക്കുകയും ചെയ്യുന്നത് ഫലസ്തീന്‍ ലക്ഷ്യത്തെ തന്നെ ദുര്‍ബലമാക്കുന്നുവെന്ന് കണ്ട് കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഐക്യ സര്‍ക്കാര്‍ നിലവില്‍ വന്നത്. എന്നാല്‍ ഐക്യ സര്‍ക്കാറിന് ഹമാസിന് മേധാവിത്വമുള്ള ഗാസാ മുനമ്പില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഫലത്തില്‍ അത് വെസ്റ്റ്ബാങ്കിലെ സര്‍ക്കാറായി മാറുകയായിരുന്നു. അതേസമയം, സര്‍ക്കാറിന്റെ രാജി ഏകപക്ഷീയമാണെന്നും തങ്ങളോട് ആലോചിച്ചിട്ടില്ലെന്നും ഹമാസ് നേതൃത്വം കുറ്റപ്പെടുത്തി. ഏകപക്ഷീയമായ ഒരു നടപടിയും അംഗീകരിക്കില്ലെന്നും പുതിയ സര്‍ക്കാര്‍ വരിക അസാധ്യമാണെന്നും ഹമാസ് വക്താവ് സാമി അബു സുഹ്‌രി പറഞ്ഞു. എന്നാല്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സിയാദ് അല്‍ സാസ പ്രതികരിച്ചത് മറ്റൊരു വിധത്തിലാണ്. എല്ലാ ദേശീയ, മത ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തി ഐക്യസര്‍ക്കാര്‍ ഉണ്ടാക്കാന്‍ അബ്ബാസ് മുന്‍കൈയെടുക്കണം.
ഇസ്‌റാഈല്‍ അധിനിവേശം ചെറുക്കാന്‍ അത് അനിവാര്യമാണ്- സിയാദ് പറഞ്ഞു.