പ്രൊഫഷനല്‍ കോഴ്‌സ് പ്രവേശനം ഓപ്ഷന്‍ സ്വീകരിച്ച് തുടങ്ങി

Posted on: June 18, 2015 5:49 am | Last updated: June 17, 2015 at 11:50 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍, എന്‍ജിനീയറിംഗ് സീറ്റുകളിലേക്ക് ഓപ്ഷന്‍ സ്വീകരിച്ചുതുടങ്ങി. സ്വാശ്രയ കോളജുകളിലെ സീറ്റ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാന്‍ വൈകിയതാണ് ഓപ്ഷന്‍ സംബന്ധിച്ച വിജ്ഞാപനവും വൈകിയത്. സര്‍ക്കാര്‍, സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളും ആര്‍ക്കിടെക്ചര്‍ കോളജുകളും ഓപ്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അതേ ഫീസ് ആണ് ഇത്തവണയും.
അതേസമയം മറ്റ് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡന്റല്‍ കോളജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവക്കാത്തതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍, ഡന്റല്‍ കോളജുകള്‍, സര്‍ക്കാരിന്റെയും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെയും കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍, ഡന്റല്‍ കോളജുകള്‍ എന്നിവ മാത്രമേ ആദ്യ അലോട്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. ആയുര്‍വേദ കോളജുകളിലെ ബി എ എം എസ് കോഴ്‌സുകള്‍ക്ക് ആയുഷിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ അവയും ആദ്യ അലോട്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 23ന് അഞ്ച് മണിവരെ ഓപ്ഷനുകള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ നല്‍കാം.
പ്രവേശന പരീക്ഷാഫലം തടഞ്ഞവര്‍ക്ക് 20ന് അഞ്ച് മണിക്കു മുമ്പ് രേഖകളെല്ലാം ഹാജരാക്കുന്നപക്ഷം ഓപ്ഷന്‍ നല്‍കാം. 22ന് ട്രയല്‍ അലോട്‌മെന്റ് നടത്തും. 25നാണ് ആദ്യ അലോട്‌മെന്റ്. 26 മുതല്‍ മൂന്നാം തീയതി വരെ എസ് ബി ടിയില്‍ ഫീസ് അടക്കണം. ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ കോളജില്‍ ചേരേണ്ടതില്ല. സംസ്ഥാനത്ത് 157 എന്‍ജിനീയറിംഗ് കോളജുകളിലായി 35963 സര്‍ക്കാര്‍ സീറ്റാണുള്ളത്. 23 ആര്‍ക്കിടെക്ചര്‍ കോളജുകളിലായി 609 സര്‍ക്കാര്‍ സീറ്റുണ്ട്.
24 മെഡിക്കല്‍ കോളജുകളില്‍ 2037 സര്‍ക്കാര്‍ സീറ്റുണ്ടെങ്കിലും അതില്‍ ഒരു വിഭാഗം സ്വാശ്രയ കോളജുകളില്‍ ആദ്യഘട്ടത്തില്‍ പ്രവേശനമില്ല. 21 ഡന്റല്‍ കോളജുകളിലായി 849 സര്‍ക്കാര്‍ സീറ്റുണ്ടെങ്കിലും സര്‍ക്കാര്‍, ക്രിസ്ത്യന്‍ ഡന്റല്‍ കോളജിലേ ആദ്യഘട്ടത്തില്‍ പ്രവേശനമുള്ളു. ബി എ എം എസിന് 524 സര്‍ക്കാര്‍ സീറ്റുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ ഇവയുമില്ല. ബി എസ് സി അഗ്രിക്കള്‍ച്ചറിന് 173ഉം, ബി എസ് സി ഫിഷറീസിന് 41ഉം, ബി എസ് സി ഫോറസ്ട്രിക്ക് 25ഉം, ബി വി എസ് സി 194ക്ക്, ബി എച്ച് എം എസ് 225ഉം, ബി എസ് എം എസ് 25ഉം സീറ്റുകളാണുള്ളത്.