Connect with us

National

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വിമുക്ത ഭടന്‍മാരുടെ ഏറെ നാളത്തെ ആവശ്യമായ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഈ വര്‍ഷം അവസാനം നടക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുവരികയാണ്. സര്‍ക്കാറിന്റെ മറ്റ് പെന്‍ഷന്‍ പദ്ധതികളെ പോലെയല്ല ഇതെന്നും ഭാവിയില്‍ നിയമപരമയി ചോദ്യം ചെയ്യപ്പെട്ടേക്കാനിടയുള്ള പഴുതുകള്‍ ഇല്ലാതാക്കിയാകും പദ്ധതിയുടെ പ്രഖ്യാപനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷം സെപ്തംബറിലോ ഒക്‌ടോബറിലോ ബീഹര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പിക്കെതിരെ ജെ ഡി യു- ആര്‍ ജെ ഡി- കോണ്‍ഗ്രസ് സഖ്യം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കടുത്ത പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപനം വൈകുന്നതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. അതിനിടെ, ബീഹാറില്‍ ബി ജെ പിയെ സമ്മര്‍ദത്തിലാക്കാന്‍ വിമുക്ത ഭടന്‍മാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് കൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. രാജ്യത്താകമാനം 20 നഗരങ്ങളില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്ന് കഴിഞ്ഞ ദിവസം വിമുക്തടന്മാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബി ജെ പി നേതൃത്വത്തിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി. പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഇടക്കിടെ പറയുന്നുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ച് പ്രതിഷേധക്കാരെ നിശ്ശബ്ദരാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍ ധനന്ത്രാലയത്തില്‍ ബജറ്റ് അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
പദ്ധതി നടപ്പാക്കുകയാണെങ്കില്‍ 22 ലക്ഷത്തോളം വിമുക്തഭടന്‍മാര്‍ക്കും ആറ് ലക്ഷത്തിലധികം പട്ടാളക്കാരുടെ വിധവകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വിരമിക്കുന്ന തീയതി പരിഗണിക്കാതെ ഒരേ റാങ്കും സേവന കാലവുമുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്ക് തുല്യ പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. നിലവില്‍, വിരമിക്കുന്ന കാലത്തെ ശമ്പളകമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്ന പെന്‍ഷനാണ് വിമുക്തഭടന്‍മാര്‍ക്ക് നല്‍കിവരുന്നത്. 1996ല്‍ വിരമിച്ച മേജര്‍ ജനറലിന് ലഭിക്കുന്ന പെന്‍ഷനേക്കാളും 1996 ല്‍ വിരമിച്ച ലഫ്. കേണലിന് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ന്യൂനത.